പൊതുവെ കുടുംബവിശേഷങ്ങളൊന്നും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാത്ത താരമാണ് നടനും സംവിധായകനുമായ ധ്യാൻ. ഇപ്പോഴിതാ, ആദ്യമായി മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. മകളുടെ രണ്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ധ്യാൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
“എന്റെ ഉറക്കം ഇല്ലാതായിട്ടു രണ്ട് വർഷം. ജന്മദിനാശംസകൾ ആരാധ്യ സൂസൻ ധ്യാൻ,” താരം കുറിക്കുന്നു.
2017ലായിരുന്നു ധ്യാനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. പത്തുവർഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ ഇപ്പോൾ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്. ‘കമല’യ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനാവുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രം നിർമ്മിച്ചത് ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നായിരുന്നു
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ‘കടവുള്‍ സകായം നടന സഭ’ എന്നൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒപ്പം സായാഹ്ന വാര്‍ത്തകള്‍, പാതിരാ കുര്‍ബാന, അടുക്കള: ദി മാനിഫെസ്റ്റോ തുടങ്ങി ധ്യാൻ അഭിനയിച്ച ചിത്രങ്ങളും റിലീസിനെത്താനുണ്ട്.