സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 2022ൽ ഏറ്റവും കൂടുതൽ ആളുകളെ രസിപ്പിച്ചതിനുള്ള മികച്ച എന്റർടെയിനർ അവാർഡ് ഉണ്ടെങ്കിൽ അത് ധ്യാനിനു കൊടുക്കാം. കാരണം, യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും.
തന്റെ പുതിയ ചിത്രമായ ‘ഖാലി പേഴ്സി’ന്റെ പ്രമോഷന്റെ ഭാഗമായെത്തിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീനിതിനൊപ്പം പുതിയ സിനിമ എന്നാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാൻ. “ഈ വർഷം അവസാനം ചേട്ടനൊപ്പമുളള ചിത്രമുണ്ടാകും. പത്തു വർഷങ്ങൾക്ക് ശേഷം എന്റെ കഴിവ് തിരിച്ചറിഞ്ഞ് ചേട്ടൻ വന്നു. ആ സംവിധാനകനു ഞാനെന്ന നടനെ വേണം” എന്നാണ് തമാശപൂർവം ധ്യാൻ പറഞ്ഞത്.
വിനീത് ശ്രീനിവാസൻ ചിത്രം ‘തിര’യിലൂടെയാണ് ധ്യാൻ അഭിനയ ലോകത്തെത്തുന്നത്. സംവിധാനം ആഗ്രഹിച്ചെത്തിയ തനിക്ക് കിട്ടുന്ന ബോണസാണ് അഭിനയമെന്നും ധ്യാൻ പറയുന്നു.
ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ആപ്പ് കൈസേ ഹോ എന്നിവയാണ് ധ്യാനിന്റെ പുതിയ ചിത്രങ്ങൾ. ആപ്പ് കൈസേ ഹോയിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാനാണ്. “32 സിനിമകൾ ഇപ്പോൾ കമ്മിറ്റ് ചെയ്‌തിട്ടുണ്ട്. അടുത്ത നാലു വർഷത്തേക്ക് ഫുൾ ബുക്ക്ഡ് ആണ്. ഇതിനിടയിൽ അച്ഛൻ ചോദിച്ചാൽ പോലും സോറി ഡേറ്റില്ല എന്ന് പറയേണ്ടി വരും” എന്നാണ് ധ്യാൻ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.