VEEKAM OTT: നവാഗതനായ സാഗർ സംവിധാനം ചെയ്ത ചിത്രമാണ് ‘വീകം.’ പേര് പോലെ സിനിമയുടെ കഥ നടക്കുന്നത് ഒരു വിവാഹ മോതിരത്തെ ചുറ്റിപ്പറ്റിയാണ്. ധ്യാൻ ശ്രീനിവാസൻ, ഡെയിൻ ഡേവിസ്, ശീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 9ന് തിയേറ്ററിലെത്തിയ ചിത്രം ഒടിടി റിലീസിനെത്തുകയാണ്. ഫെബ്രുവരി 24 മുതൽ ചിത്രം സീ5ൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
വിശ്വാസവഞ്ചന അഥവാ ‘ബ്രീച്ച് ഓഫ് ട്രസ്റ്റ്’ ആണ് സിനിമയുടെ കേന്ദ്ര പ്രമേയം. പല നിലക്ക് വിശ്വാസ വഞ്ചന ചെയ്യുന്നവരും അതിനു ഇരയായവരും തമ്മിലുള്ള സംഘർഷങ്ങളിലൂടെ ‘വീകം’ യാത്ര ചെയ്യുന്നു. വളരെയടുത്ത ബന്ധങ്ങളിൽ വിശ്വാസ വഞ്ചന നേരിട്ടവർ എങ്ങനെ അതിനോട് പ്രതികരിക്കുമെന്ന് സിനിമ പല നിലക്ക് അന്വേഷിക്കുന്നുമുണ്ട്.
കൊച്ചി നഗരത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പ്രധാനമായും മുന്നോട്ട് നീങ്ങുന്നത്. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ച് പേരുടെ ജീവിതവും അവർ തമ്മിൽ യാദൃശ്ചികമായി ബന്ധപ്പെടേണ്ടി വന്ന സാഹചര്യങ്ങളും ഒക്കെയാണ് കഥയെ മുന്നോട്ട് നീക്കാൻ ‘വീകം’ ആശ്രയിക്കുന്ന സാങ്കേതങ്ങൾ.
ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദനേഷ് ആർ, എഡിറ്റിങ്ങ് ഹരീഷ് എന്നിവർ നിർവഹിക്കുന്നു.