മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കൾ എന്ന മേൽവിലാസത്തിൽ നിൽക്കാതെ, ഇരുവരും തങ്ങളുടേതായ തട്ടകങ്ങൾ കണ്ടെത്തി കഴിഞ്ഞു. ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായി മാറുകയായിരുന്നു വിനീത് ശ്രീനിവാസൻ. അച്ഛനും ചേട്ടനും പിന്നാലെ ധ്യാനും വൈകാതെ സിനിമയിലെത്തി. അഭിനയത്തിനു പുറമെ സംവിധാനത്തിലും നിർമ്മാണരംഗത്തുമെല്ലാം സജീവമാകുന്ന ധ്യാനിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.
അഭിമുഖങ്ങളിലെ ധ്യാനിന്റെ തുറന്നു പറച്ചിലുകളും രസകരമായ മറുപടികളുമൊക്കെ മുൻപും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ധ്യാനിന്റെ പുതിയ ഇന്റർവ്യൂ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. തിയേറ്ററുകളില്‍ പൊട്ടി പൊളിഞ്ഞ് പണ്ഡാരമടങ്ങുമെന്ന് താന്‍ കരുതിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാൻ മനസ്സു തുറന്നത്. ആ ചിത്രം തനിക്കിഷ്ടമല്ലെന്നും ധ്യാൻ പറയുന്നു.
“ഞാന്‍ ഓടില്ല എന്ന് വിചാരിച്ച അത്യാവശ്യം പടങ്ങളൊക്കെ ഓടാതെ പോയിട്ടേയുള്ളൂ. എന്റെ പടങ്ങള്‍ പ്രത്യേകിച്ചും. ഓടില്ല എന്ന് ഞാൻ വിചാരിക്കുകയും എന്നാല്‍ അത്യാവശ്യം പൈസ കിട്ടുകയും ചെയ്ത പടം, ഞാന്‍ തന്നെ സംവിധാനം ചെയ്ത ‘ലൗ ആക്ഷന്‍ ഡ്രാമ’ ആണ്. തിയേറ്ററില്‍ ഇത് പൊട്ടി പൊളിഞ്ഞ് പണ്ഡാരമടങ്ങി പോകുമല്ലോ എന്ന് ഞാന്‍ തന്നെ വിചാരിച്ചിട്ടുണ്ട്. ഇന്റര്‍വെല്ലിന് ഇരുന്ന് എന്താ ഈ എടുത്ത് വച്ചിരിക്കുന്നേ എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അങ്ങനെ തോന്നിപ്പോകും, കാരണം ഞാന്‍ എഴുതിവെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയാണ്. ആ പടത്തിന്റെ മൊത്തം പരിപാടി തന്നെ മാറിപ്പോയി. എന്നിട്ടും ആ പടം ഓടി, പൈസ കളക്റ്റ് ചെയ്തു. പ്രധാന കാരണം നയന്‍താര-നിവിന്‍ പോളി കോംബിനേഷന്‍ തന്നെയാണ്. ആ പടം ഇഷ്ടപ്പെട്ട കുറേ പേരുണ്ട്. ഇഷ്ടപ്പെടാത്ത എത്രയോ ആള്‍ക്കാര്‍ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. പടം ഇഷ്ടപ്പെടാത്ത ആള്‍ക്കാരില്‍ പ്രധാനപ്പെട്ട ഒരാള്‍ ഞാനായിരിക്കും,” ധ്യാന്‍ പറഞ്ഞതിങ്ങനെ.
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി അഭിനയിച്ച ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രം അടുത്തിടെയാണ് റിലീസിനെത്തിയത്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ‘ഉടൽ’ ആണ് റിലീസിനൊരുങ്ങുന്ന ധ്യാനിന്റെ പുതിയ ചിത്രം. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Read more: ഇപ്പോഴും വീട്ടിൽ തേങ്ങയിടാൻ വരുന്നയാൾ വരെ എന്നെ ഉപദേശിക്കും: ധ്യാൻ ശ്രീനിവാസൻ