സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 2022ൽ ഏറ്റവും കൂടുതൽ ആളുകളെ രസിപ്പിച്ചതിനുള്ള മികച്ച എന്റർടെയിനർ അവാർഡ് ഉണ്ടെങ്കിൽ അത് ധ്യാനിനു കൊടുക്കാം. കാരണം, യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും.
ഫ്ളവേഴ്സ് ചാനലിന്റെ സ്റ്റാർ മാജിക്കിൽ ക്രിസ്മസ്- ന്യൂ ഇയർ സ്പെഷൽ പരിപാടിയിൽ അതിഥിയായി എത്തിയത് ധ്യാൻ ശ്രീനിവാസൻ ആയിരുന്നു. പരിപാടിയ്ക്കിടെ സഹോദരനും നടനും സംവിധായകനും ഗായകനുമായ വിനീതിനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഒരു വീട്ടിൽ ഒരു മനുഷ്യനും ഇങ്ങനെയാവാൻ പാടില്ല. കൂട്ടുകാരൊക്കെ പറയുന്നത്, ഗാന്ധിജി ജനിച്ചത് ഒക്ടോബർ രണ്ടിനാണ്. ഗാന്ധിജി ജനിക്കുന്നതിന് ഒരു ദിവസം മുൻപ് ജനിച്ചതാണ് പുള്ളി, ഒക്ടോബർ ഒന്നിന്. ഗാന്ധിജി പോലും ജീവിതത്തിൽ നുണ പറഞ്ഞിരുന്നുവെന്നും കള്ളത്തരം കാണിച്ചിരുന്നുവെന്നും ഓട്ടോബയോഗ്രഫിയിൽ ഒക്കെ പറഞ്ഞിട്ടുണ്ട്. എന്റെ അറിവിൽ ചേട്ടൻ ഇതുവരെ നുണ പറഞ്ഞതായോ കള്ളത്തരം ചെയ്തതായിട്ടോ, എന്തിന് ജീവിതത്തിൽ ഒരാളെ ചീത്ത പറഞ്ഞതായിട്ട് പോലും എന്റെ അറിവിലില്ല. ഇനി അവൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ്. പുള്ളി എന്നെ ഒരു മകനെ പോലെയാണ് കണ്ടിരുന്നത്, അന്നും ഇന്നുമെല്ലാം,” ധ്യാൻ പറയുന്നു.
മുൻപൊരിക്കൽ അച്ഛൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതിന്റെ കാരണവും ധ്യാൻ ഷോയ്ക്കിടയിൽ പങ്കുവെച്ചു. “അച്ഛൻ അടിച്ചു പുറത്താക്കിയതാണ് ഒരിക്കൽ, അച്ഛന്റെ തെറ്റല്ല അത്. ഞാൻ അത്രമാത്രം ഒരു മനുഷ്യനെ എങ്ങനെയൊക്കെ വെറുപ്പിക്കാൻ പറ്റുമോ അത്രത്തോളം വെറുപ്പിച്ചിട്ടുണ്ട്. ഇറങ്ങി പൊയ്ക്കോ എന്നു മാത്രമേ അച്ഛൻ പറയാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അത് പറയുന്നതിനു മുൻപ് ഞാൻ ബാഗ് എടുത്ത് ഇറങ്ങി. നാല് വർഷത്തോളം അച്ഛനെന്നെ ഒരു എൻജിനിയറിങ്ങിന് കോളേജിൽ കൊണ്ടുപോയി ചേർത്തിരുന്നു. ഞാൻ ഒരു ആറ് മാസമേ പോയുള്ളു, മൂന്നരക്കൊല്ലം പോയില്ല. അതൊരു മൂന്നരക്കൊല്ലം കഴിഞ്ഞിട്ടാണ് അവർ അറിയുന്നത്. അത്രയേ ചെയ്തുള്ളു. കോളേജിൽ ഞാൻ കൊടുത്തിരുന്ന അഡ്രസും ഫോൺ നമ്പറുമെല്ലാം തെറ്റായിരുന്നു. മൂന്നരക്കൊല്ലം കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അവരറിയുന്നത് അങ്ങനെയൊരാൾ അവിടെയില്ലെന്ന്. ഇതൊന്നുമറിയാതെ, ഓരോ തവണയും ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ പഠനക്കാര്യമൊക്കെ ചോദിക്കും. രണ്ടു മൂന്ന് സപ്ലി ഉണ്ടെന്ന് ഞാൻ പറയും. ഞാൻ പറയുന്നത് സത്യമാണെന്ന് കരുതി അച്ഛൻ എല്ലാം ക്ലിയർ ചെയ്ത് എടുക്കണം എന്നൊക്കെ പറയും. പക്ഷെ ഏത് സപ്ലി! ഞാൻ അങ്ങോട്ട് പോയാലല്ലേ സപ്ലി കിട്ടൂ,” ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ.
ആ മൂന്നു മൂന്നരവർഷക്കാലം തന്റെത് ഒരു അധോലോക ജീവിതമായിരുന്നുവെന്നും ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ താനത് സിനിമയാക്കാൻ ആഗ്രഹിക്കുന്നുവെന്നും ധ്യാൻ പറയുന്നു. “തിയേറ്ററിൽ മസ്റ്റ് വാച്ചായിരിക്കുമത്. കാരണം ഫുൾ ഇല്ലീഗൽ പരിപാടികളാണ്, മറ്റേ നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്!” ധ്യാൻ കൂട്ടിച്ചേർത്തു.