ചെന്നൈ: തമിഴകത്തില്‍ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുന്ന ധ്രുവങ്ങള്‍ പതിനാറിന്റെ പ്രിവ്യു ഷോ കൊച്ചിയില്‍ നടന്നു. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കാണാന്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റഹ്‍മാന്‍, ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് നരേന്‍ എന്നിവരും പങ്കെടുത്തു.

ഓരോ നിമിഷവും സസ്‌പെന്‍സ് നിറഞ്ഞ ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് മുമ്പിലും എത്തുന്നത്. മാര്‍ച്ച് 10നാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലര്‍ എന്നാണ് ധ്രുവങ്ങള്‍ പതിനാറിനെ സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കുന്നത്. 22കാരനായ സംവിധായകന്‍ കാര്‍ത്തിക് നരേന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചത്. സുജിത് സാരംഗ് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും കൈകാര്യം ചെയ്തു.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പാതിവഴിക്ക് ഉപേക്ഷിച്ചാണ് കാര്‍ത്തിക് സിനിമാ മോഹവുമായി ഇറങ്ങിയത്.

സ്‌ക്രിപ്റ്റുമായി പ്രമുഖരെ സമീപിച്ചെങ്കിലും 21കാരന്‍ എന്ന് പരിഹസിച്ച് അവര്‍ ഒഴിവാക്കി വിടുകയായിരുന്നു. ഒടുവില്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് കാര്‍ത്തിക് സിനിമ ഒരുക്കിയത്. തന്റെ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ നല്ല പ്രതീക്ഷ നല്‍കുന്നതായി കാര്‍ത്തിക് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിരവധി സിനിമാ പ്രേമികള്‍ നവമാധ്യമങ്ങളിലൂടേയും അല്ലാതേയും ചിത്രം മലയാളത്തിലെത്തിക്കാന്‍ ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഓണ്‍ലൈനില്‍ ലഭ്യമായിട്ടും തിയറ്റര്‍ അനുഭവത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാമ്പുള്ള സിനിമകളെ സ്നേഹിക്കുന്ന മലയാളികള്‍ ചിത്രത്തെ സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും കാര്‍ത്തിക് നരേന്‍ പറഞ്ഞു.

ഒരു നിര്‍മ്മാതാവിനെ കണ്ടെത്തുക എന്നതായിരുന്നു ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്ന ആദ്യ കടമ്പ. ഫീച്ചര്‍ ഫിലിം മേക്കിങില്‍ മുന്‍പരിചയമില്ലാത്ത ഇരുപത്തിരണ്ടുകാരന്‍ പയ്യനു വേണ്ടി പണം മുടക്കാന്‍ ആരും തയ്യാറായില്ല. അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം സിനിമ കോടികള്‍ മറിയുന്ന ഒരു വ്യവസായമാണ്. അവിടെ റിസ്‌ക് എടുത്ത് നഷ്ടം വരുത്തിവെക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല.

നിര്‍മ്മാതാവിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഞാന്‍ അച്ഛനെ വിളിച്ച് ഈ പ്രൊജക്റ്റ് ഇപ്പോഴൊന്നും നടക്കാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല എന്നു പറഞ്ഞു. പ്രൊജക്റ്റ് ഉപേക്ഷിക്കേണ്ടതില്ലെന്നും ഈ സിനിമ അദ്ദേഹം നിര്‍മ്മിക്കാമെന്നും പറഞ്ഞു എനിക്ക് ആത്മവിശ്വാസം നല്‍കി. അങ്ങനെയാണ് ധ്രുവങ്ങള്‍ പതിനാറ് യഥാര്‍ഥ്യമാകുന്നത്. അച്ഛന്‍ നിര്‍മ്മാണം ഏറ്റെടുത്തത് മറ്റൊരു തരത്തില്‍ സിനിമക്കു ഏറെ ഗുണം ചെയ്തു. ചിത്രത്തിന്റെ മേക്കിങില്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരു ഘട്ടത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ സാങ്കേതികമായി ഏറ്റവും മികവോടെ ചിത്രീകരണം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുവെന്നും കാര്‍ത്തിക് പറഞ്ഞു.

ഒരുപാട് പേര്‍ താന്‍ ചിത്രവുമായി മുന്നോട്ട് പോകുന്നതിനെതിരെ രംഗത്ത് വന്നതാണ്. ഒരു സിനിമ ഉണ്ടാക്കുക എന്നത് എളുപ്പമാണെന്നും എന്നാല്‍ മാര്‍ക്കറ്റ് എന്നത് മറ്റൊരു ലോകമാണെന്നും പറഞ്ഞ് തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു സംവിധായകനെന്ന നിലയില്‍ ഈ ചിത്രം വെളിച്ചം കണ്ടേ തീരുവെന്ന തീരുമാനത്തോടെ മുന്നോട്ട് പോവുകയായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ