കൊച്ചി: 22കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ധ്രുവങ്ങള്‍ പതിനാറ് തന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാണെന്ന് നടന്‍ റഹ്‍മാന്‍. വര്‍ഷങ്ങള്‍ നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് കിട്ടിയ കഥാപാത്രങ്ങളില്‍ മികച്ചത് ഏത് എന്ന് ചോദിച്ചാല്‍ ധ്രുവങ്ങള്‍ 16ലെ ദീപക് ആണെന്ന് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴകത്ത് മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് ശേഷം കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിചാരിതമായാണ് ചിത്രത്തിന്റെ ഭാഗമാകണമെന്ന് തീരുമാനമെടുത്തത്. അന്ന് 21 വയസ് മാത്രമുള്ള കാര്‍ത്തിക് നിരവധി തവണ തന്നെ കാണാന്‍ വന്നിരുന്നു. ആദ്യം വന്നപ്പോള്‍ താന്‍ കരുതിയത് ഏതെങ്കിലും സംവിധായകന്റെ അസിസ്റ്റന്റ് ആയിരിക്കുമെന്നാണ്. എന്നാല്‍ ചിത്രം സംവിധാനം ചെയ്യാനാണെന്നും തന്നെയാണ് കേന്ദ്ര കഥാപാത്രമായി കാണുന്നതെന്നുമാണ് കാര്‍ത്തിക് പറഞ്ഞതെന്നും റഹ്‍മാന്‍ പറഞ്ഞു.

ഒരു ചിത്രത്തില്‍ പൊലീസ് കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കേണ്ടതെന്ന് പറഞ്ഞപ്പോള്‍ കാര്‍ത്തിക്കിനോട് താന്‍ ഈ വേഷം ചെയ്യില്ലെന്ന് അറിയിച്ചു. എന്നാല്‍ നിരവധി തവണ കാര്‍ത്തിക് തന്നെ കാണാന്‍ വന്നു. ഷൂട്ടിംഗ് സ്ഥലത്തും തന്റെ കാരവനിലും തന്നെ കാണാന്‍ വന്നു. ശരിക്കും പറഞ്ഞാല്‍ നിരവധി തവണ കാര്‍ത്തിക് തന്നെ ശല്യപ്പെടുത്തുകയായിരുന്നെന്നും റഹ്‍മാന്‍ പറഞ്ഞു.

നിരവധി തവണ പൊലീസ് കഥാപാത്രം അവതരിപ്പിച്ച തനിക്ക് ഈ ചിത്രം തൊട്ടാല്‍ തന്റെ കരിയറിനെ ബാധിക്കുമെന്ന് തോന്നി. കാര്‍ത്തിക്കിന് വേണമെങ്കില്‍ ഈ ചിത്രം പരാജയപ്പെട്ടാലും മറ്റൊരു പേരില്‍ വീണ്ടും സംവിധാനം ചെയ്യാം. എന്നാല്‍ തനിക്ക് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുക പ്രയാസമാകുമായിരുന്നു, റഹ്‍മാന്‍ പറഞ്ഞു.
എന്നാല്‍ പിന്നീട് തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ കാര്‍ത്തിക്ക് വന്നു. നല്ല തിരക്കഥയാണെന്ന് തന്നെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കാര്‍ത്തിക് അക്ഷരാര്‍ത്ഥത്തില്‍ ഓരോ രംഗവും അഭിനയിക്കുകയായിരുന്നു.

തിരക്കഥ കേട്ടപ്പോള്‍ തന്നെ ഗംഭീരമാണെന്ന് തനിക്ക് തോന്നി. ചിത്രത്തിന്റെ ക്യാമറാമാനും എഡിറ്റര്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ ഓരോ ഷോട്ടിനെ കുറിച്ച് പോലും കൃത്യമായ ധാരണ ഉണ്ടായിരുന്നതായും റഹ്‍മാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ ഒരു 22കാരന്റെ ചിത്രമാണ് തന്റെ മികച്ച ചിത്രമെന്ന് പറയാന്‍ ആദ്യം അപകര്‍ഷതാബോധം തോന്നിയിരുന്നു. എന്നാല്‍ കാര്‍ത്തിക്കിനെ കെട്ടിപ്പിടിച്ചാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും റഹ്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി തവണ പൊലീസ് വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ട് റഹ്മാന്‍. കൂടുതലും തിരിച്ചുവരവിന് ശേഷമായിരുന്നു. ബ്‌ളാക്ക്, ഡ്രീംസ്, മുംബൈ പൊലീസ്, തമിഴ് ചിത്രമായ റാം തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍ ഇതുവരെ ചെയ്ത പൊലീസ് കഥാപാത്രങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് ധ്രുവങ്ങള്‍ 16ല്‍ റഹ്മാന്റേത്. കേസ് അന്വേഷണത്തിനിടെ കാല്‍ നഷ്ടപ്പെട്ടു പോകുന്ന മദ്ധ്യവയസ്‌കനായ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് റഹ്മാന്. ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ നായികയും വില്ലനുമൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.

നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ പ്രിവ്യു കാണാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റഹ്‍മാന്‍, സംവിധായകന്‍ കാര്‍ത്തിക് നരേന്‍ എന്നിവരും പങ്കെടുത്തു. ഓരോ നിമിഷവും സസ്‌പെന്‍സ് നിറഞ്ഞ ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് മുമ്പിലും എത്തുന്നത്. മാര്‍ച്ച് 10നാണ് ധ്രുവങ്ങള്‍ പതിനാറ് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ