ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്ന ‘വര്‍മ’ എന്ന ചിത്രത്തെ സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി സംവിധായകൻ ബാല രംഗത്ത്. ചിത്രത്തിൽ നിന്നും പിന്മാറുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും, ഇപ്പോൾ ഇത്തരത്തിൽ ഒരു വിശദീകരണം നൽകാൻ താൻ നിർബന്ധിതനാവുകയാണെന്നും ബാല പറയുന്നു. ധ്രുവിന്റെ ഭാവിയെ കുറിച്ചോർത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണെന്നും ട്വിറ്ററിലൂടെ ബാല അറിയിച്ചു.

ജനുവരി 22ന് ‘ഇ-ഫോർ എന്റർടെയ്ൻമെന്റും’ ബാലയുടെ ‘ബി സ്റ്റുഡിയോയും’ ചേർന്ന് നടന്‍ വിക്രമിന്റെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ കരാറിന്റെ പകർപ്പും ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയിൽ എന്തു തരത്തിലുള്ള മാറ്റം വരുത്താനുമുള്ള അവകാശം കരാർ പ്രകാരം ‘ഇ ഫോർ എന്റർടെയ്ൻമെന്റിന്’ നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ ഫുട്ടേജ്, ഫിലിം സ്റ്റിൽ, സൌണ്ട് ട്രാക്ക്, ഐടി ട്രാക്ക്, മിക്സഡ് ആൻഡ് അൺമിക്സഡ് സോങ്സ് ട്രാക്ക് എന്നിവ ബാല ബി സ്റ്റുഡിയോസ് കൈമാറിയിട്ടുണ്ട്. പ്രൊജക്ടിൽ നിന്നും തന്റെ പേര് പൂർണമായി ഒഴിവാക്കിയാൽ മാത്രമേ കരാറിൽ പറഞ്ഞ വ്യവസ്ഥകൾ നിലനിൽക്കൂവെന്ന് ബാല കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.

തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് ‘വര്‍മ’.   ചിത്രീകരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ‘വര്‍മ’ മുഴുവനായി വീണ്ടും ചിത്രീകരിക്കുന്നു എന്ന വിവരം പുറത്തു വന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ നിര്‍മ്മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്സ് തങ്ങളുടെ അതൃപ്തി അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ ഫൈനല്‍ വേഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെ വെച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാനാണ് തീരുമാനം. നേരത്തേ ബാലാ ബി സ്റ്റുഡിയോയും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഇ-4 എന്റര്‍ടെയിന്‍മെന്റ്സ് മാത്രമായി ചിത്രം നിര്‍മ്മിക്കുകയായിരുന്നു.

Read More: നിര്‍മ്മാതാക്കള്‍ക്ക് അതൃപ്തി; അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കും

“അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പിന്റെ ഫൈനല്‍ വേര്‍ഷനില്‍ ഞങ്ങള്‍ തൃപ്തരല്ല. സര്‍ഗ്ഗാത്മകമായതും മറ്റുമായ വ്യത്യസ്ഥകളില്‍ സന്തുഷ്ടി തോന്നാത്ത് കൊണ്ട് ഈ പതിപ്പ് റിലീസ് ചെയ്യുന്നില്ല. പകരം പുതിയ പതിപ്പ് വീണ്ടും ചിത്രീകരിക്കും. ധ്രുവ് വിക്രമിനെ തന്നെ നായകനാക്കി തെലുങ്ക് പതിപ്പിനോട് ചേര്‍ന്ന ചിത്രമൊരുക്കും,’ നിര്‍മ്മാണ കമ്പനി അറിയിച്ചു.

ഇതിനു പുറകെയാണ് താൻ സ്വമേധയാ പിന്മാറിയതാണെന്ന് അറിയിച്ചു കൊണ്ട് സംവിധായകൻ ബാല തന്നെ രംഗത്തെത്തിയിരിക്കുന്നത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ