തന്റെ ആദ്യ സിനിമയുടെ പ്രതിഫലം മുഴുവനായും പ്രളയം ദുരിതം വിതച്ച കേരളത്തിന്റെ പുനർനിർമ്മാണത്തിന് നൽകിയിരിക്കുകയാണ് താരപുത്രൻ ധ്രുവ് വിക്രം. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിക്രമിന്റെ മകനായ ധ്രുവാണ് തന്റെ ആദ്യ സിനിമയായ വർമയുടെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്.
#DhruvVikram donates the remuneration of his 1st film project (Varma) for Kerala Chief Ministers Relief Fund! @e4echennai #ChiyaanVikram #MukeshMehta @proyuvraaj Starting off well in acting as well as in his interest in the well-being of the others! pic.twitter.com/zN3s1LR3FM
— r.s.prakash (@rs_prakash3) September 24, 2018
മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് ധ്രുവ് തുക കൈമാറിയത്. തെലുങ്കിൽ സൂപ്പർഹിറ്റായ അർജ്ജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പായ വർമ്മയിൽ നായകനായാണ് ധ്രുവിന്റെ സിനിമ അരങ്ങേറ്റം.
കഴിഞ്ഞ ദിവസമാണ് ‘വർമ’യുടെ ടീസർ പുറത്തിറങ്ങിയത്. ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് വർമ ടീം. എന്നാൽ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ കേരളത്തെ സഹായിക്കാൻ ധ്രുവ് രംഗത്തെത്തിയതോടെ ട്രോളന്മാർ നിലപാട് മാറ്റുമെന്നാണ് കരുതുന്നത്.
ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ വീഡിയോയിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ധ്രുവ് എത്തുന്നത്. വർമയുടെ ക്ലാസ്സിക്കൽ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് ‘അർജുൻ റെഡ്ഡി’യുടെ കമ്പോസറായ രാധൻ തന്നെയാണ്. നായികയായി എത്തുന്നത് പുതുമുഖനായിക മേഘ ചൗധരിയാണ് നായികാവേഷത്തിലെത്തുന്നത്. ‘വർമ’യുടെ അമ്മയായി എത്തുന്നത് ഈശ്വരി റാവു ആണ്. നടി റെയ്സ വിൽസണും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുന്നു. ഓഡിയോ റിലീസും ഉടനെയുണ്ടാകും എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
‘അർജുൻ റെഡ്ഡി’യുടെ വിജയമാണ് ഒറ്റ രാത്രികൊണ്ട് വിജയ് ദേവരകൊണ്ടയെ സെൻസേഷൻ താരമായി ഉയർത്തിയത്. ‘വർമ’ ധ്രുവിനെ തുണയ്ക്കുമോ എന്നുള്ള ആകാംക്ഷയിലാണ് വിക്രമിന്റെ ആരാധകർ.