scorecardresearch

Dheeram Review: ഊഹങ്ങൾ തെറ്റും, ആകാംക്ഷ കൂട്ടും; ധീരം റിവ്യൂ

Dheeram Movie Review & Rating: കുഴഞ്ഞുമറിഞ്ഞ ഒരു കൊലപാതകപരമ്പരയുടെ ചുരുളുകൾ നിവർത്തി മുന്നോട്ട് പോകുന്ന ചിത്രം, , കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതിലും ദുരൂഹതയുടെ മറ നിലനിർത്തുന്നതിലും പൂർണ്ണമായ നീതി പുലർത്തുന്നുണ്ട്

Dheeram Movie Review & Rating: കുഴഞ്ഞുമറിഞ്ഞ ഒരു കൊലപാതകപരമ്പരയുടെ ചുരുളുകൾ നിവർത്തി മുന്നോട്ട് പോകുന്ന ചിത്രം, , കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതിലും ദുരൂഹതയുടെ മറ നിലനിർത്തുന്നതിലും പൂർണ്ണമായ നീതി പുലർത്തുന്നുണ്ട്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dheeram review

Dheeram Movie Review & Rating: ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തുന്ന, ശരാശരി  സിനിമാനുഭവമാണ് ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന 'ധീരം' സമ്മാനിക്കുന്നത്. കുഴഞ്ഞുമറിഞ്ഞ ഒരു കൊലപാതകപരമ്പരയുടെ ചുരുളുകൾ നിവർത്തി മുന്നോട്ട് പോകുന്ന ചിത്രം, അതിന്റെ ഹുക്കിംഗ് സ്വഭാവത്തിലും ദുരൂഹത നിലനിർത്തുന്നതിലും പൂർണ്ണമായും നീതി പുലർത്തുന്നുണ്ട്.

Advertisment

ചിത്രം ആരംഭിക്കുന്നത് ഒരു അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയയിൽ നടന്ന കൊലപാതകത്തോടെയാണ്. മരണപ്പെട്ടത് ഐജി ജേക്കബ് ചെറിയാന്റെ മരുമകനായ ജോൺ കുര്യൻ. ഈ കേസിന്റെ അന്വേഷണച്ചുമതല  എഎസ്‍പി സ്റ്റാലിൻ ജോസഫിലാണ്  (ഇന്ദ്രജിത്ത്) വന്നു ചേരുന്നത്. ജോണിന്റെ മരണത്തിനു പിന്നിലെ കാരണം തേടി സ്റ്റാലിൻ യാത്ര തിരിക്കുമ്പോൾ, സമാനമായ രീതിയിൽ കൂടുതൽ കൊലപാതകങ്ങൾ നഗരത്തിൽ അരങ്ങേറുന്നു. ഓരോ ക്രൈം സീനിലും കൊലയാളി മനഃപൂർവം ചില സൂചനകൾ അവശേഷിപ്പിക്കുന്നു. 

Also Read:  Kalamkaval Review: മമ്മൂട്ടിയുടെ അതിഭീകര വില്ലനിസം, പക്ഷേ മേക്കിംഗിൽ പാളി; കളങ്കാവൽ, റിവ്യൂ

ഒരു 'ക്യാറ്റ് ആൻഡ് മൗസ്' ഗെയിം പോലെ ചിത്രം മുന്നേറുമ്പോൾ, ഈ സൂചനകളാണ് അടുത്ത ഇരയിലേക്കും കൊലപാതകിയുടെ ലക്ഷ്യത്തിലേക്കുമുള്ള താക്കോലായി മാറുന്നത്. ആരാണ് ഈ കൊലപാതകി? അയാളുടെ പകയ്ക്ക് പിന്നിലെ കാരണം എന്താണ്? സ്റ്റാലിന്റെ അന്വേഷണത്തിനും ഉൾക്കാഴ്ചകൾക്കുമൊപ്പം പ്രേക്ഷകരെ ഉത്തരങ്ങളിലേക്കും നയിക്കുകയാണ് 'ധീരം'.

നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്ത ചിത്രം, ഴോണറിനോട് പൂർണ്ണമായും നീതി പുലർത്തിയിരിക്കുന്നു. തിരക്കഥാകൃത്തുക്കളായ ദീപു എസ് നായരും, സന്ദീപ് സദാനന്ദനും ചേർന്ന് ഒരുക്കിയ തിരക്കഥ, നമ്മൾ മുൻപ് കണ്ടിട്ടുള്ള ക്രൈം ത്രില്ലർ പാറ്റേണുകൾ പിൻതുടരുമ്പോഴും, പ്രേക്ഷകരെ ഊഹാപോഹങ്ങൾക്ക് അപ്പുറമുള്ള കഥാപരിസരങ്ങളിലേക്കാണ് കൂട്ടികൊണ്ടുപോവുന്നത്. 

Also Read: അപ്പാനി ശരത്തിന്റെ ഭാര്യയുടെ വളകാപ്പ് ആഘോഷമാക്കി ബിഗ് ബോസ് താരങ്ങൾ

കൊലയാളിയിലേക്ക് എത്തിച്ചേരുന്നതുവരെ പ്രേക്ഷകരെ 'ക്ലൂലെസ്സ്' ആയി നിലനിർത്താനും അതുവഴി ജിജ്ഞാസ കാത്തുസൂക്ഷിക്കാനും തിരക്കഥാകൃത്തുക്കൾക്ക് സാധിച്ചിട്ടുണ്ട്. ധാരാളം ട്വിസ്റ്റുകൾ ചിത്രത്തിൽ കാണാം, പ്രേക്ഷകൻ വിചാരിക്കുന്ന വഴിയല്ല പലപ്പോഴും സ്ക്രിപ്റ്റ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകൻ ഒരു വഴിക്ക് ചിന്തിക്കുമ്പോൾ, സ്ക്രിപ്റ്റ് അപ്രതീക്ഷിതമായി മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. ഇത് സിനിമയുടെ പ്രെഡിക്റ്റബിലിറ്റിയെ പൂർണ്ണമായി തകർക്കുന്നു.

ഇതിനായി തിരക്കഥാകൃത്തുകൾ ബോധപൂർവ്വം ചില പൊടികൈകൾ പ്രയോഗിച്ചിട്ടുണ്ട്.  ചില കഥാപാത്രങ്ങളെ പ്ലെയ്സ് ചെയ്തിരിക്കുന്നത് പ്രേക്ഷകന്റെ ഭാവനയെ തെറ്റായ ദിശയിലേക്ക് വഴിതിരിച്ചു വിടാൻ വേണ്ടി മാത്രമാണോ​ എന്നും സംശയം തോന്നാം. 

Also Read:  ഓറ ശുദ്ധീകരിക്കാൻ 10,000 രൂപ; 15 മിനിറ്റ് ഹീലിങ്ങിന് ഞെട്ടിക്കുന്ന വില; മീര കപൂറിൻ്റെ വെൽനസ് ബ്രാൻഡ് ചർച്ചയിൽ

എഎസ്‍പി സ്റ്റാലിൻ ജോസഫായി ഇന്ദ്രജിത്ത് സുകുമാരൻ  തിളങ്ങി. വലിയ വെല്ലുവിളി ഉയർത്തുന്ന സങ്കീർണ്ണമായ കഥാപാത്രമല്ല സ്റ്റാലിൻ എങ്കിലും, ആ റോളിനെ 'അനായാസം' എന്നു തോന്നിപ്പിക്കുന്ന രീതിയിൽ തന്നെ ഇന്ദ്രജിത്ത് അവതരിപ്പിച്ചു.  ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, അവന്തിക മോഹൻ, സാഗർ സൂര്യ എന്നിവരടങ്ങുന്ന മറ്റു പ്രധാന അഭിനേതാക്കളും തങ്ങളുടെ ഭാഗം മികച്ചതാക്കി.

ചിത്രത്തിന് ലഭിച്ചിട്ടുള്ള 'A' സർട്ടിഫിക്കറ്റ്, ചിത്രത്തിലെ ക്രൈം സീനുകളുടെ തീവ്രത കാരണമാണ് എന്ന് അനുമാനിക്കാം. ചിത്രത്തിലെ ഒന്നു രണ്ടു ക്രൈം സീനുകൾ അങ്ങേയറ്റം ബ്രൂട്ടൽ ആണെന്ന് പറയാതെ വയ്യ. 

സൗഗന്ദ് എസ് യുവാന്റെ ദൃശ്യങ്ങൾ ചിത്രത്തിന്റെ ത്രില്ലർ മൂഡിന് അനുയോജ്യമായിരിക്കുന്നു. നഗരദൃശ്യങ്ങളും ക്രൈം സീനുകളിലെ ഇരുണ്ട ഭീകരതയെയും സൗഗന്ദ്  മനോഹരമായി ഒപ്പിയെടുത്തു.  മണികണ്ഠൻ അയ്യപ്പയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഉദ്വേഗം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. നാഗൂരൻ രാമചന്ദ്രന്റെ എഡിറ്റിംഗ് ചിത്രത്തിന്റെ വേഗത നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി 'ധീരത്തിനു' ടിക്കറ്റെടുക്കാം. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥാന്ത്യം വരെ കൂടെ നടത്തിക്കുക എന്ന ജോലി ഈ സിനിമ വൃത്തിയായി നിർവഹിക്കുന്നുണ്ട്. 

Also Read:  എത്ര വെട്ടികൂട്ടിയിട്ടും ദൈർഘ്യത്തിൽ ഒന്നാമൻ തന്നെ: രൺവീർ സിംഗിൻ്റെ ധുരന്ധറിന് പുത്തൻ റെക്കോർഡ്

Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: