/indian-express-malayalam/media/media_files/uploads/2018/05/dhanush.jpg)
രജനീകാന്ത് ആരാധകർ കാത്തിരിക്കുന്ന കാല ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഗംഭീരമായി തന്നെ നടന്നു. ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഓഡിയോ ലോഞ്ച്. രജനീകാന്ത്, സംവിധായകൻ പാ രഞ്ജിത്ത്, ധനുഷ്, രജനിയുടെ ഭാര്യ ലത രജനീകാന്ത്, മക്കളായ സൗന്ദര്യ, ഐശ്വര്യ എന്നിവരും പങ്കെടുത്തു.
ഓഡിയോ ലോഞ്ചിനെക്കാളും രജനിയുടെ രാഷ്ട്രീയ പ്രഖ്യാനത്തെക്കുറിച്ച് അറിയാനായിരുന്നു ആരാധകർ ആഗ്രഹിച്ചത്. പക്ഷേ സ്റ്റൈൽ മന്നൻ അതിനെക്കുറിച്ചൊന്നും പറയാതെ കാല സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവും രജനിയുടെ മരുമകനുമായ ധനുഷും സംസാരിച്ചു. രജനി ആരാധകർ കേൾക്കാൻ ആഗ്രഹിച്ചിരുന്നൊരു കാര്യം ധനുഷ് തന്റെ വാക്കുകളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.
''തന്നെ പ്രശംസിക്കുന്നത് രജനീകാന്തിന് ഇഷ്ടമല്ല. അതിനാൽ ഞാനത് ചെയ്യുന്നില്ല. അദ്ദേഹത്തിൽനിന്നും ഞാൻ പഠിച്ച ചില കാര്യങ്ങളെക്കുറിച്ച് പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തിൽ പേരെടുക്കാൻ രണ്ടു വഴികളുണ്ട്. ഒന്ന് കഷ്ടപ്പെട്ട് ജോലി ചെയ്ത് നല്ലൊരു നിലയിൽ എത്തുന്നത്. മറ്റൊന്ന് അങ്ങനെ ഉയരത്തിൽ എത്തിനിൽക്കുന്നവരെക്കുറിച്ച് മോശമായി സംസാരിക്കുന്നത്.
അദ്ദേഹത്തെ കൊണ്ട് (രജനി) സമ്പാദിച്ചവർ, അദ്ദേഹം ജീവിതം കൊടുത്തവർ, അദ്ദേഹം മൂലം ജീവിതം ലഭിച്ചവർ അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോഴും മിണ്ടാതെ ചിരിച്ചു കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ അടുത്തുനിന്നും സഹനശക്തിയും ക്ഷമാശീലവും പഠിച്ചു. എല്ലാവരെയും സുഹൃത്തുക്കളായി കാണണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും തെറ്റുകൾ ക്ഷമിക്കാനുളള മനസും പഠിച്ചു.
രജനിയുടെ കടുത്ത ആരാധകനാണ് ഞാൻ. അതിനാൽ കാലാ ധനുഷ് എന്ന നിർമ്മാതാവിന്റെ പടമല്ല. വെങ്കടേഷ് പ്രഭുവെന്ന രജനിയുടെ കടുത്ത ആരാധകൻ നിർമ്മിക്കുന്ന സിനിമയാണ്.
തുടക്കത്തിൽ വില്ലൻ, പിന്നെ സഹനടൻ, പിന്നെ നടൻ, പിന്നെ സ്റ്റാർ, പിന്നെ സ്റ്റൈൽ മന്നൻ, പിന്നെ സൂപ്പർ സ്റ്റാർ, ഇപ്പോൾ തലൈവർ, നാളെ... നിങ്ങളെ പോലെ അതെന്ത് അറിയാൻ ഞാനും കാത്തിരിക്കുന്നു. അതെല്ലാം ദൈവത്തിന്റെ കൈയ്യിലാണ്'' ധനുഷ് പറഞ്ഞു.
രജനീകാന്ത് നാളെ ആരായിരിക്കും എന്നു ധനുഷ് പറഞ്ഞതിന്റെ അർത്ഥം തമിഴ്‌നാട് മുഖ്യമന്ത്രിയായി രജനിയെ കാണാം എന്നാണെന്നാണ് ആരാധകർ കണ്ടുപിടിച്ചത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് ആരാധകർ ഇതോടെ ഉറപ്പിച്ചുകഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.