ഹിറ്റ് ചിത്രമായ വേലയില്ലാ പട്ടതാരിയുടെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ ധനുഷ്. ജൂലൈ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൗന്ദര്യ രജനീകാന്ത് തിരകഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അമലാ പോള്‍ ആണ് ധനുഷിന്‍റെ നായിക. ബോളിവുഡിന്റെ പ്രിയതാരം കാജോള്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി വേലയില്ലാ പട്ടധാരി 2വിനുണ്ട്.

ഷോണ്‍ റോള്‍ഡനും അനിരുദ്ധ് രവിചന്ദറും സംഗീതം ചെയ്യുന്ന ചിത്രത്തില്‍ വിവേക്, സമുദ്രക്കനി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധനുഷ് വികാരാധീനനായി. ആരാധകരോട് എന്താണ് പറയാനുളളതെന്ന ചോദ്യത്തിന് മനസ്സിൽ തട്ടിയാണ് ധനുഷ് മറുപടി നൽകിയത്.

”എന്റെ കരുത്തിന്റെ നെടുംതൂണുകളാണ് ആരാധകർ. എന്റെ വിഷമ ഘട്ടത്തിലും എനിക്ക് പിന്തുണ വേണ്ട സമയത്തും എനിക്ക് കരുത്ത് വേണ്ട സമയത്തും എന്റെ കൂടെ അവർ ഉണ്ടായിരുന്നു. ഞാൻ വീഴാൻ പോകുമ്പോൾ തോളായും എണീക്കുമ്പോൾ തൂണായും എന്റെ കൂടെയുണ്ടായിരുന്നു. ഇതിന് നന്ദി പറഞ്ഞാൽ മാത്രം പോര. അവർക്കായി നല്ലവണ്ണം അധ്വാനിച്ച് നല്ലൊരു സിനിമ നൽകണമെന്ന് ആഗ്രഹിക്കുന്നു. അവർ എന്നിൽ അഭിമാനം കൊളളുന്ന വിധത്തിൽ സിനിമയിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനു വേണ്ടി ശ്രമിക്കുന്നുണ്ട്. നടക്കുമെന്ന് കരുതുന്നു. എപ്പോഴും എന്റെ കൂടെ നിന്നതിന് എല്ലാവർക്കും നന്ദി”.

2002 ൽ ‘തുളളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമയിലേക്കെത്തുന്നത്. ‘കാതൽ കൊണ്ടേൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്തെ മുൻ നിര നായകന്മാരിലൊരാളായി മാറി. ‘ആടുകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്കാരവും ധനുഷ് നേടി. ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച ധനുഷ് ഇപ്പോൾ ഹോളിവുഡിലും കാലെടുത്തുവച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook