ധനുഷ്-വെട്രിമാരൻ ചിത്രം ‘വട ചെന്നെെ’ പിൻജിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം നേടുന്നു. “സങ്കീർണ്ണതകൾ ഏറെയുള്ള ഊർജ്ജസ്വലനായ കഥാപാത്രമായി ധനുഷ് മികച്ച പ്രകടനം കാഴ്ചവെച്ച വെട്രിമാരന്റെ ‘വട ചെന്നൈ’ കണ്ടു. തമിഴ് നാട്ടിൽ നിന്നുള്ള ഒരു മികച്ച ‘വേൾഡ് പ്രീമിയർ’ ചിത്രമാണ് ‘വട ചെന്നൈ’,” എന്നാണ് ചിത്രത്തിന് ലഭിക്കുന്ന ആദ്യഘട്ട പ്രതികരണം.
The first reactions #VadaChennai #PYIFF18 #WorldPremiere @VadaChennaiFilm @dhanushkraja @VetriMaaran https://t.co/6duByWdpMz
— Deepti D (@deemelinda) October 13, 2018
ധനുഷിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ആടുകള’ത്തിന്റെ സംവിധായകനായ വെട്രിമാരനും ധനുഷും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന നിലയിൽ ധനുഷ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വട ചെന്നൈ’. ‘ആടുകളം’ പോലെ തന്നെ വ്യത്യസ്തമായൊരു പ്രമേയമാണ് ‘വട ചെന്നൈ’യും പറയുന്നത്.
വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്പ് എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. അൻപ് ലോക ചാമ്പ്യനാവുന്ന കഥയാണ് ചിത്രം പറയുന്നത്. ഐശ്വര്യ രാജേഷ്, ആൻഡ്രിയ ജെർമിയ, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ലൈക പ്രൊഡക്ഷനുമായി ചേർന്ന് ധനുഷ് തന്നെയാണ് വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറിൽ ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.
‘പൊല്ലാദവൻ’, ‘ആടുകളം’, ‘വിസാരണൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ‘വട ചെന്നൈ’യ്ക്കുണ്ട്. വെട്രിമാരന്റെ ആദ്യചിത്രമായ ‘പൊല്ലാദവൻ’ അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് വന്ന ‘ആടുകളം’ ധനുഷിന് മികച്ച നടനുള്ള ദേശീയ അവാർഡിനു നേടി കൊടുത്തതിനു പുറമെ അഞ്ച് ദേശീയ അവാർഡുകൾ കൂടി കരസ്ഥമാക്കിയിരുന്നു. ‘വിസാരണൈ’യും മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാർഡ് നേടിയിരുന്നു. ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയും ‘വിസാരണൈ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എപ്പോഴും ഗംഭീര ചിത്രങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള ധനുഷ്- വെട്രിമാരൻ ടീമിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ‘വട ചെന്നൈ’ ഒക്ടോബർ 17ന് തിയേറ്ററുകളിലെത്തും.