scorecardresearch

തമിഴ് പെണ്ണായി മഞ്ജു; വെട്രിമാരന്‍-ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്‍’ ഫസ്റ്റ് ലുക്ക്‌

മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’

തമിഴ് പെണ്ണായി മഞ്ജു; വെട്രിമാരന്‍-ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്‍’ ഫസ്റ്റ് ലുക്ക്‌

മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’.

 

‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’ എന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന  കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതു വരെ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

 

ഒന്നോ രണ്ടോ മലയാള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയമാകുന്ന നടിമാർ വരെ തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡ് ചിത്രങ്ങളിലേക്കുമൊക്കെ ചേക്കേറുമ്പോൾ മലയാള സിനിമയിൽ തന്നെ നിലയുറപ്പിച്ച അപൂർവ്വം അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഇതരഭാഷാ സിനിമകളിലേക്കുള്ള മഞ്ജു വാര്യരുടെ പ്രവേശനം എപ്പോഴാണെന്ന ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്നപ്പോഴും അതിനുള്ള അവസരങ്ങൾ വരട്ടെയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. അനുരാഗ് കശ്യപിനൊപ്പം മഞ്ജു സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ചിത്രവും അമിതാഭ് ബച്ചൻ, പ്രഭു, ഐശ്വര്യ റായ്, നാഗാർജുന എന്നു തുടങ്ങി ഇതരഭാഷാ സിനിമകളിലെ താരങ്ങൾക്കൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുള്ള സൗഹൃദവുമെല്ലാം മഞ്ജു വാര്യർ ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾക്കു വഴിവെച്ചിട്ടുണ്ട്. ഒടുവിൽ നിരവധി ഊഹോപഹോങ്ങൾക്കു ശേഷം തന്റെ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മഞ്ജു.

Read More: Manju Warrier in Asuran: മഞ്ജു വാര്യര്‍ തമിഴിലേക്ക്: വെട്രിമാരന്റെ ‘അസുരനി’ല്‍ ധനുഷിനൊപ്പം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dhanush vetrimaaran manju warrier asuran first look