തമിഴകത്തിന്റെ പ്രിയ താരം ധനുഷ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നടനായല്ല, നിർമാതാവായാണ് ധനുഷിന്റെ മലയാള സിനിമയിലേക്കുളള പ്രവേശനം. ധനുഷ് ഒരു മലയാള ചിത്രം നിർമിക്കാനൊരുങ്ങുന്നവെന്നതാണ് സിനിമാ ലോകത്ത് നിന്നുളള പുതിയ വാർത്ത. ടൊവിനോ തോമസായിരിക്കും ചിത്രത്തിലെ നായകൻ. മൃത്യുഞ്ജയത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക്ക് അരുണായിരിക്കും ഈ ടൊവിനോ ചിത്രത്തിന്റെ സംവിധായകൻ. മുംബൈക്കാരിയായ നേഹ ഐയ്യർ ആയിരിക്കും നായികയെന്നാണ് സൂചന. ഒരു സുപ്രധാന റോളിൽ ധനുഷും ചിത്രത്തിലെത്തുമെന്നാണ് സിനിമാ ലോകത്ത് നിന്നുളള വാർത്തകൾ. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും.

മലയാളത്തിലെ വളർന്നു വരുന്ന യുവതാരങ്ങളിലൊരാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ മലയാളികളുടെ പ്രിയം നേടിയ നടനാണ് ടോവിനൊ തോമസ്. ടൊവിനോ നായകനായ ഒരു മെക്‌സിക്കൻ അപാരതയെന്ന ക്യാംപസ് രാഷ്‌ട്രീയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതോടൊപ്പം തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കാനുളള ഒരുക്കത്തിലാണ് ടൊവിനോ. അതിനിടെയാണ് ധനുഷ് നിർമിക്കുന്ന മലയാള ചിത്രത്തിലും ടൊവിനോ നായകനായെത്തുന്നത്.

പുരസ്‌കാരങ്ങൾ നേടിയ നിരവധി തമിഴ് ചിത്രങ്ങളുടെ നിർമാതാവാണ് ധനുഷ്. തമിഴ് സിനിമക്കപ്പുറം മറ്റു ഭാഷകളിലേക്കും നിർമാണം വ്യാപിപ്പിക്കുകയാണ് ധനുഷ് ഇതിലൂടെ. ദേശീയ അവാർഡ് നേടിയ കാക്ക മുട്ടൈ, വിസാരണൈ എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് ധനുഷ്. കബാലിയുടെ സംവിധായകൻ പാ രഞ്ജിത്ത് രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രവും ധനുഷാണ് നിർമിക്കുന്നത്.

സംവിധാന രംഗത്തും ധനുഷ് ഒരു കൈ നോക്കുന്നുണ്ട്. ധനുഷിന്റെ ആദ്യ സംവിധാന സംരംഭമായ പവർ പാണ്ടി ഏപ്രിൽ 14 ന് തിയേറ്ററിലെത്തും. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന വിഐപി 2 വാണ് ധനുഷ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ