ധനുഷ്, തമിഴകത്ത് തരംഗമായി മാറിയ നടനാണ്. ഇടക്കാലത്ത് ഒരു പാട്ടിലൂടെ മാത്രം തമിഴകവും കടന്ന് പോയി ധനുഷിനുള്ള കൈയ്യടി. ഇന്നിതാ “വൈ ദിസ് കൊലവെറി ഡീ” എന്ന പാട്ട് എത്തിനിൽക്കുന്നത് ഒരു സർവ്വകാല റെക്കോഡിലാണ്. പാട്ട് യൂട്യൂബിൽ പുറത്തിറക്കിയ ശേഷം ഇതിനോടകം കണ്ടത് 12.5 കോടി പേരാണ്.

ഗൂഗിൾ ഏഷ്യ പസഫികിന്റെ റീജണൽ ഡയറക്ടറായ അജയ് വിദ്യാസാഗറാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. “ഞങ്ങളുടെ ഒട്ടനേകം വിജയ കഥകൾ തുടങ്ങുന്നത് ഈ പാട്ടിൽ നിന്നാണ്. ആറ് വർഷത്തിനിടെ 12.5 കോടി പേരാണ് ഈ പാട്ട് കണ്ടത്”, അജയ് പറഞ്ഞു.

“ഈ പാട്ട് ഇനിയും കാഴ്ചക്കാരെ നേടുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. ഇത്തരം പാട്ടുകൾ എപ്പോഴും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷത്തിനിടെ വൻ വർദ്ധനവാണ് യൂട്യൂബ് ഉപയോഗത്തിലുണ്ടായതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും യൂട്യൂബിൽ വീഡിയോ കാണുന്നവരുണ്ടെന്ന് അജയ് വ്യക്തമാക്കി.

തമിഴ് സിനിമ കബാലിയുടെ ടീസർ 34 ദശലക്ഷം പേർ കണ്ടപ്പോൾ, തെലുങ്ക് ചിത്രം ബാഹുബലിക്ക് 22 ദശലക്ഷം പ്രേക്ഷകരാണ് ഉണ്ടായത്. ഹോളിവുഡ് ചിത്രങ്ങളുടെ പ്രേക്ഷകരെ കടത്തിവെട്ടിയാണ് ഓൺലൈനിൽ ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകൾ അടക്കം മുന്നേറുന്നതെന്നും അജയ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ