ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിൽ വരെ നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ച ഗാനമായിരുന്നു സായ് പല്ലവിയും ധനുഷും ചേർന്ന് മനോഹരമാക്കിയ മാരി2 വിലെ ‘റൗഡി ബേബി’. ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്‍റെ ബില്‍ബോര്‍ഡ് പട്ടിക. 10 കോടി കാഴ്ചക്കാരെ നേടി മുന്നേറി കൊണ്ടിരിക്കുമ്പോഴായിരുന്നു ‘റൗഡി ബേബി’ ഗാനം ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ ഇടം നേടിയത്.

ഇപ്പോഴിതാ, ‘റൗഡി ബേബി’ ഗാനം പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്. യൂട്യൂബിൽ ഒരു ബില്യൺ (100 കോടി) വ്യൂസ് നേടിയിരിക്കുകയാണ് ‘റൗഡി ബേബി’ വീഡിയോ. നടൻ ധനുഷ് ആണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിട്ടത്.

2018 മാർച്ചിൽ റിലീസിനെത്തിയ ‘മാരി2’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതം നൽകിയത് യുവൻ ശങ്കർരാജ ആണ്. ധനുഷും ദിയയും ചേർന്നാണ് ഗാനം ആലപിച്ചത്.

യാദൃശ്ചികമായി ഇതേദിവസം തന്നെ ‘വൈ ദിസ് കൊലവെറി ഡി’ ഗാനത്തിന്റെ ഒമ്പതാം വാർഷികം ഒത്തുവന്നതിലുള്ള സന്തോഷവും ധനുഷ് പങ്കിട്ടു. സായ് പല്ലവിയും ട്വീറ്റിൽ സന്തോഷം പങ്കിട്ടുണ്ട്.

പ്രഭുദേവയാണ് റൗഡി ബേബിയുടെ രസകരമായ നൃത്തചുവടുകള്‍ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആണ് ഗാനം ചിത്രീകരിച്ചത്. പത്തുവർഷങ്ങൾക്കു ശേഷം പ്രഭുദേവയ്ക്ക് ഒപ്പം എവിഎം സ്റ്റുഡിയോയിൽ ഒന്നിച്ചെത്താൻ കഴിഞ്ഞത് ഒരു നിയോഗമായിട്ടാണ് സായ് പല്ലവി കണ്ടത്.

പത്തുവർഷങ്ങൾക്കു മുൻപ് ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്ന റിയാലിറ്റി ഷോയുടെ സെമി ഫൈനൽ മത്സരങ്ങൾക്കു വേണ്ടിയായിരുന്നു പതിനൊന്നാം ക്ലാസ്സുകാരിയായ സായ് പല്ലവി എവിഎം സ്റ്റുഡിയോയിൽ എത്തിയത്. അന്ന് റിയാലിറ്റി ഷോയിൽ പരാജയപ്പെട്ടു മടങ്ങിയ അതേ സായ് പല്ലവി, വർഷങ്ങൾക്കിപ്പുറം നായികയായെത്തിയപ്പോൾ പ്രഭുദേവ തന്നെ ആ ഗാനത്തിന് വേണ്ടി കൊറിയോഗ്രാഫ് നിർവ്വഹിക്കുന്നു. “നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ ഓർക്കുക, നിങ്ങൾ നിങ്ങളുടെ മികച്ച പ്രകടനം നൽകിയിട്ടുണ്ടെങ്കിൽ, ജീവിതം കൂടുതൽ മെച്ചപ്പെട്ട ഒന്നിനാൽ നിങ്ങളെ അനുഗ്രഹിക്കും,” എന്നാണ് സ്വപ്നസദൃശ്യമായ ആ നിമിഷത്തെ സായ് പല്ലവി വിശേഷിപ്പിച്ചത്. പത്തു വർഷങ്ങൾക്കു ശേഷം എജിഎം സ്റ്റുഡിയോയിൽ പ്രഭുദേവയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു സായിപല്ലവി തന്റെ സന്തോഷം പങ്കിട്ടത്.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook