നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം നടൻ ധനുഷാണെന്ന ആരോപണവുമായി വിജയ്‌യുടെ പിതാവ് അഴകപ്പന്‍. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവ് കൂടിയായ അഴകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.

തന്റെ മകൻ വിജയ്‌യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയം അവസാനിപ്പിക്കും എന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച ‘അമ്മ കണക്ക്’ എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്.

Read More: ഓർമയുണ്ടോ ഈ മുഖം? മാസ് ഡയലോഗ് ആവർത്തിച്ച് സുരേഷ് ഗോപി, വീഡിയോ

അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതായിരുന്നു മകനുമായുള്ള വിവാഹ മോചനത്തിന് കാരണം എന്ന് പറഞ്ഞ് ഇതിനു മുമ്പും അഴകപ്പൻ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. അമല സിനിമയിൽ നിന്നും മാറി നിൽക്കാൻ തയ്യാറാകാത്തതായിരുന്നു ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അഴകപ്പന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതെല്ലാം വെറും പ്രചരണങ്ങൾ മാത്രമാണ്. അമലയ്ക്ക് തങ്ങളുടെ ബന്ധത്തിന്റെ സത്യം അറിയാം. അമലയുടെ അഭിനയ മോഹത്തെ പൂർണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാർക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും വിജയ് പറഞ്ഞിരുന്നു.

2011ൽ അമല പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്‌തത് എ.എൽ.വിജയ്‌യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ.എൽ.വിജയ് സംവിധാനം ചെയ്‌ത തലൈവ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക.

നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2014ൽ ജൂൺ 12നാണ് വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരാവുന്നു എന്ന വാർത്തയും പുറത്തുവന്നു. സിനിമ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ വാർത്തകളിലൊന്നായിരുന്നു ഇത്. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു. അമല സിനിമാത്തിരക്കുകളിലുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook