Dhanush – Manju Warrier – Vetrimaaran ‘Asuran’ Movie Review: വെട്രിമാരന്‍, ധനുഷ്, മഞ്ജു വാര്യര്‍, ഈ മൂന്ന് പേരുകള്‍ ഒരുമിച്ച് വരുമ്പോള്‍ തന്നെ പ്രത്യേകതയുള്ള എന്തോ ഒന്ന് സൃഷ്ടിക്കാനാകും അത് എന്ന് ഒരു പ്രതീക്ഷ സിനിമാ പ്രേമികള്‍ക്ക് ഉണ്ടാവുന്നത് സ്വാഭാവികം. ‘അസുരന്‍’ എന്ന ചിത്രത്തെ സംബന്ധിച്ച് അതിന്റെ ‘USP’ എന്നത് ഈ മൂന്ന് പേരുകള്‍ തന്നെയാണ്. ‘വടചെന്നൈ’ എന്ന ചിത്രത്തിന് ശേഷം വരുന്ന ധനുഷിന്റേയും വെട്രിമാരന്റേയും ചിത്രം എന്നു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ആ പ്രതീക്ഷ ഇരട്ടിക്കുകയും ചെയ്യുന്നു.
‘വടചെന്നൈ’യില്‍ നിന്നും ‘അസുര’നിലേക്ക്
‘വടചെന്നൈ’ ഒരു നാട്ടിലെ ഗാങ്ങുകളുടെ വളര്‍ച്ചയിലൂടെ ക്ലാസ്/കാസ്റ്റ് പൊളിറ്റിക്‌സ് പറഞ്ഞൊരു ചിത്രമായിരുന്നു. അതേ വിഷയം തന്നെ ഒരു കുടുംബത്തിലേക്കും അവരുടെ ജീവിതത്തിലേക്കും കൊണ്ട് വന്നിരിക്കുകയാണ് വെട്രിമാരന്‍. മേല്‍ജാതിക്കാരാനായ ധനികനെ കീഴ്ജാതിക്കാരനായ കുട്ടി കൊല്ലുന്നിടത്തു നിന്നുമാണ് ‘അസുരന്‍’ ആരംഭിക്കുന്നത്. തന്റെ മകനേയും കുടുംബത്തേയും കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെടുത്താനായുള്ള സിവസാമിയുടെ ഓട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്.
സിവസാമിയുടെ ഓട്ടത്തിനിടെ ഫ്‌ളാഷ് ബാക്കിലൂടെയാണ് ചിത്രം കഥ പറയുന്നത്. വര്‍ത്തമാനകാലത്തു നിന്നും പിന്നിലേക്ക് പോയി അവിടെ നിന്നും തിരികെ വര്‍ത്തമാനത്തിലെത്തി നില്‍ക്കുന്ന രീതിയിലാണ് കഥ പറച്ചില്‍. കഥ നടക്കുന്ന കാലത്തെ സാഹചര്യങ്ങളില്‍ നിന്നും പഴയ കാലത്തേക്ക് പോയി അന്ന് നടന്ന സംഭവങ്ങളേയും ഇന്ന് നടക്കുന്ന സംഭവങ്ങളേയും ചേര്‍ത്തു വയ്ക്കുകയാണ് വെട്രിമാരന്‍ ചെയ്തിരിക്കുന്നത്. സിവസാമി എന്ന വൃദ്ധന്‍ നേരിടുന്ന പ്രശ്‌നങ്ങളുടേയും സിവസാമിയെന്ന യുവാവ് നേരിടുന്ന പ്രശ്‌നങ്ങളുടേയും എല്ലാം ഉത്തരം ഒന്നു തന്നെയാണ്, ജാതി.
‘Asuran’ Movie Review: അത്ഭുതമായി മഞ്ജു വാര്യര്‍
‘അസുരന്‍’ അഭിനേതാക്കളുടെ പ്രകടം എടുത്താല്‍ ധനുഷ് തന്നെയാണ് മികച്ചു നില്‍ക്കുന്നത്. സിവസാമി കടന്നു പോകുന്ന വൈകാരിക അവസ്ഥകളെ വളരെ മനോഹരമായി ധനുഷ് അവതരിപ്പിച്ചിട്ടുണ്ട്. സിവസാമിയുടെ ദയനീയതയും നിസഹായതും അമര്‍ഷവും പ്രതികാരവും എല്ലാം ധനുഷ് തെറ്റ് കണ്ടെത്താന്‍ സാധിക്കാത്ത വിധം അവതരിപ്പിച്ചിരിക്കുന്നു. ധനുഷിന്റെ മുന്‍കാല ചിത്രങ്ങള്‍, പ്രത്യേകിച്ച് വെട്രിമാരനുമായി ചേര്‍ന്നുള്ളവ എന്നും ഈ അഭിനേതാവിന്റെ മികവു എടുത്തു കാട്ടിയിട്ടുണ്ട്. അത് കൊണ്ട് സിവസാമിയായി ധനുഷ് സ്ക്രീനില്‍ ജീവിച്ചതില്‍ അത്ഭുതമില്ല.
അത്ഭുതപ്പെടുത്തിയത് മഞ്ജു വാര്യരാണ്. തിരിച്ചു വരവിന് ശേഷം മഞ്ജു വാര്യര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പച്ചെെയമ്മ. മഞ്ജുവിലെ നടിയെ വീണ്ടെടുക്കാന്‍ അവര്‍ക്കും, മഞ്ജു എന്ന താരത്തെ മാറ്റി നിര്‍ത്തി ആ കഥാപാത്രമായി മാത്രം ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്കും സാധിക്കുന്നുണ്ട്. അത്തരത്തില്‍ മഞ്ജുവിനെ കണ്ടിട്ട് നാളുകള്‍ കുറച്ചായി. കാത്തിരുന്ന തമിഴ് സിനിമാ പ്രവേശം, മലയാളത്തിനു പുറത്തേക്കുള്ള മഞ്ജുവിന്റെ ആദ്യ ഔട്ടിംഗ്, ആസ്ഥാനത്തായില്ല എന്ന് ഉറപ്പിച്ചു പറയാം.
Read Here: ‘അസുരന്‍’ എന്ന ആദ്യ തമിഴ് ചിത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍
‘Asuran’ Movie Review: വെട്രിമാരന്‍ എന്ന സംവിധായകന്‍
സമീപകാലത്ത് തമിഴ് സിനിമയില്‍ ക്ലാസും കാസ്റ്റും പറയുന്ന ചിത്രങ്ങള്‍ അനവധി എണ്ണം ഉണ്ടായി. പലതും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിനു മുന്‍പൊരിക്കലും ഉണ്ടാവാത്ത രീതിയില്‍ ഉള്ള ഒരു ‘impact’ അവയില്‍ പലതിനും സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ആ ട്രെന്‍ഡിന്റെ തുടര്‍ച്ചയാണ് ‘അസുരനും’.
ആദ്യ രംഗം മുതല്‍ തന്നെ വരാനിരിക്കുന്നത് എന്താണെന്ന് ബോധ്യമാകുമെങ്കിലും എങ്ങനെയായിരിക്കും വെട്രിമാരന്‍ എന്ന സംവിധായകന്‍ അത് പറഞ്ഞു പോവുക എന്നത് പ്രേക്ഷകന്റെ താത്പര്യം നിലനിര്‍ത്തും. കാരണം ആദ്യ ചിത്രമായ ‘പൊല്ലാതവന്‍’ മുതല്‍ തന്നെ ഏറ്റെടുക്കുന്ന വിഷയത്തിലും അത് അവതരിപ്പിക്കുന്ന രീതിയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു സംവിധായകനാണ് വെട്രിമാരന്‍. ‘അസുരന്‍’ സിനിമയുടെ ഒരു ഘട്ടത്തില്‍ പോലും നമ്മളെ നിരാശപ്പെടുത്തില്ല. എന്താണ് തനിക്ക് പറയാന്‍ ഉള്ളതെന്ന് വ്യക്തമായി അറിയുന്ന ഒരു സംവിധായകനും അദ്ദേഹത്തിന് വേണ്ടത് നല്‍കാന്‍ കഴിയുന്ന അഭിനേതാക്കളും ചേരുന്നിടത്ത് പിറക്കുന്ന മനോഹര ചിത്രമാണ് ‘അസുരന്‍’ എന്നുറപ്പിച്ച് പറയാം.
ക്ലാസ് വ്യത്യാസങ്ങള്‍ പറയുന്നതിനോടൊപ്പം ‘റിവഞ്ച് സ്റ്റോറി’യുമാണ് ‘അസുരന്‍’ പറയുന്നത്. എന്നാല്‍ പ്രതികാരകഥകളുടേത് പോലെ റിവഞ്ച് പൂര്‍ത്തിയാക്കി നടന്നു പോകുന്ന നായകന്റെ വൈഡ് ഷോട്ടില്‍ അവസാനിക്കുന്ന ചിത്രമല്ല ‘അസുരന്‍’. ഒരു കീഴ്ജാതിക്കാരന്‍ തന്റെ പ്രതികാരം തീര്‍ക്കാനായി ഇറങ്ങി തിരിച്ചാല്‍, തിരിച്ചടിക്കാന്‍ തയ്യാറായാല്‍ എന്തായിരിക്കും സംഭവിക്കുക എന്നതിനെ റിയലിസ്റ്റിക്കായി സമീപിച്ചിരിക്കുകയാണ് വെട്രിമാരന്‍. അതു കൊണ്ട് തന്നെ ക്ലൈമാക്‌സില്‍ മാസ് രംഗമോ തീപ്പൊരി ഡയലോഗോ ഇല്ല. പക്ഷേ ഏറ്റവും ശക്തമായ പൊളിറ്റിക്‌സ് പറഞ്ഞു കൊണ്ടാണ് ‘അസുരന്‍’ അവസാനിക്കുന്നത്, ‘നമ്മുടെ പണവും ഭൂമിയും അവര്‍ തട്ടിയെടുക്കും. പക്ഷേ നമ്മുടെ വിദ്യാഭ്യാസം തട്ടിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല.’
Asuran Movie Review: ജാതീയതയുടെ ‘അസുര’മാനങ്ങള്‍
ചിത്രത്തിലെ പല രംഗങ്ങളും (ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍) വളരെ എളുപ്പത്തില്‍ തന്നെ മനസിലാക്കാനും റിലേറ്റ് ചെയ്യാനും സാധിക്കുന്നതാണ്. ‘അസുര’നിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളിലൊന്നില്‍ ചെരുപ്പിട്ടതിന്റെ പേരില്‍ കീഴ്ജാതിക്കാരിയായ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെരുപ്പ് തലയില്‍ വച്ച് തെരുവിലൂടെ നടത്തുന്നുമുണ്ട്. സമീപകാലത്ത് നമ്മള്‍ കണ്ട ഒരുപാട് വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ രംഗം. മറ്റൊന്നില്‍ സിവസാമിയോട് നാട്ടിലെ എല്ലാ പുരുഷന്മാരോടും കാലില്‍ വീണ് മാപ്പ് പറയാന്‍ മേല്‍ജാതിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. മറ്റൊരു പ്രധാന രംഗത്ത്, മേല്‍ജാതിക്കാരനെ കീഴ്ജാതിക്കാരന്‍ ചെരുപ്പ് കൊണ്ട് അടിക്കുന്നുണ്ട്. തന്നെ ഒരു കീഴ്ജാതിക്കാരന്‍ ചെരുപ്പു കൊണ്ടടിച്ചെന്ന് പുറത്ത് പറയാന്‍ കഴിയാതെ മേല്‍ജാതിക്കാരനെ പിടിച്ചു നിര്‍ത്തുന്നത് ജാതീയതയാണ്.
ഇതിനോട് കൂടി ചേര്‍ത്തു വായിക്കേണ്ട മറ്റൊരു രംഗത്ത് സിവസാമി പറയുന്നുണ്ട് നമ്മള്‍ പകരം വീട്ടാന്‍ കൊന്നെന്ന് കേസ് കൊടുക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അതുകൊണ്ട് മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടെന്നൊക്കെ പറയും എന്ന്. ഇത്തരത്തില്‍ ഒരുപാട് സീനുകളും ഡയലോഗും ജാതിയെ അടയാളപ്പെടുത്തിയാണ് ‘അസുരന്‍’ പോകുന്നത്. ‘അസുരന്‍’ എന്ന പേരിന് തന്നെ ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട്.
ശക്തമായ രാഷ്ട്രീയം വളരെ വ്യക്തമായി പറയുമ്പോഴും ചിലയിടങ്ങളില്‍ ‘ഗ്രിപ്പ്’ നഷ്ടപ്പെട്ട് ചിത്രം ചെറുതായി ഒന്ന് പതറുന്നതായും അനുഭവപ്പെടുന്നുണ്ട്. രക്തച്ചൊരിച്ചിലും മൃതദേഹങ്ങള്‍ കാണിക്കുന്നതും ചിലരെയെങ്കിലും അലോസരപ്പെടുത്താതിരിക്കില്ല. ഇത് രണ്ടും ഒഴിവാക്കാന്‍ വെട്രിമാരന്‍ എന്ന ബ്രില്ല്യന്റ് ആയ സംവിധായകന് എളുപ്പം സാധിക്കുമായിരുന്നു.
Read More: Vikrithi Movie Review: ഈ ‘വികൃതി’ നല്ലതാണ്