കോളിവുഡിൽ തുടങ്ങിയ ധനുഷിന്റെ അഭിനയ ജീവിതം ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തിനിൽക്കുകയാണ്. സിനിമയിലെ വൻ നേട്ടങ്ങൾക്കിടയിലും തമിഴ് മക്കൾക്ക് ഒരു കൈ സഹായം നൽകാൻ ധനുഷ് മടി കാട്ടാറില്ല. പക്ഷേ പലപ്പോഴും അത് ആരും അറിയാറില്ല. ഇത്തവണയും അത് തന്നെ സംഭവിച്ചു. 125 കർഷക കുടുംബങ്ങൾക്ക് ധനസഹായമായി 70 ലക്ഷം രൂപയാണ് ധനുഷ് നൽകിയത്.

dhanush, tamil actor

കർഷകർക്ക് ധനുഷിന്റെ സഹായം എത്തിയതിനു പിന്നിൽ ഒരു കഥ കൂടിയുണ്ട്. തമിഴ് മാധ്യമപ്രവർത്തകനായ രാജീവ് ഗാന്ധി തഞ്ചാവൂരിലെയും കാവേരി നദീ തീരപ്രദേശത്തെ കർഷകരുടെയും ദുരിത ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു. ‘കോളയ് വിളയും നിലം’ എന്നതായിരുന്നു ഡോക്യുമെന്ററിയുടെ പേര്. അടുത്തിടെ നടന്ന ചടങ്ങിൽ ഡോക്യുമെന്ററി പുറത്തിറക്കി. ‘തിരുടാ തിരുടി’ ചിത്രത്തിന്റെ സംവിധായകൻ സുബ്രഹ്മണ്യ ശിവയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

dhanush, tamil actor

ധനുഷിന്റെ സിനിമാ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു ‘തിരുടാ തിരുടി’. ശിവ ഡോക്യുമെന്ററി ധനുഷിനെ കാണിക്കുകയും കർഷക കുടുംബങ്ങളുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ഇതുകേട്ട ധനുഷ് 125 കർഷക കുടുംബങ്ങൾക്ക് 50,000 രൂപ വീതം നൽകാൻ തീരുമാനിച്ചു. ധനുഷ് നേരിട്ടെത്തി കുടുംബങ്ങൾക്ക് സഹായം നൽകുകയും ചെയ്തു. ഭാര്യ ഐശ്വര്യ, പിതാവ് കസ്തൂരിരാജ, മറ്റു കുടുംബാംഗങ്ങളും ധനുഷിനൊപ്പം ഉണ്ടായിരുന്നു. രാജീവ് ഗാന്ധി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ ധനുഷ് ചെയ്ത പ്രവൃത്തിയെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

dhanush, tamil actor

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ