പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി നടൻ ധനുഷ്. മാതാപിതാക്കൾക്കും കുട്ടികൾക്കുമൊപ്പം താമസിക്കാൻ ഒരു വീട് എന്നത് ധനുഷിന്റെ ഏറെ കാലമായുള്ള സ്വപ്‌നമാണ്. ഞായറാഴ്ചയായിരുന്നു ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
നീല നിറത്തിലുള്ള കുർത്ത അണിഞ്ഞാണ് ധനുഷ് ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. സുബ്രഹ്മണ്യൻ ശിവ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ” എന്റെ ഇളയ സഹോദരൻ ധനുഷിന്റെ വസതിയിലെത്തിയപ്പോൾ ലഭിച്ചത് ഒരു ക്ഷേത്രത്തിലെത്തിയതിന്റെ പ്രതീതിയാണ്. മാതാപിതാക്കൾക്ക് ഒരു സ്വർഗ്ഗം തന്നെയാണ് ധനുഷ് ഒരിക്കയത്” സുബ്രഹ്മണ്യൻ ശിവ കുറിച്ചു.
ധനുഷിന്റെ ഫാൻ പേജുകളിലും ചിത്രങ്ങൾ നിറയുകയാണ്. ധനുഷ് തന്റെ മാതാപിതാക്കൾക്ക് സമ്മാനിക്കാനായി നിർമ്മിച്ച വീടാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും കാണാം.
2021ൽ ധനുഷും മുൻ ഭാര്യ ഐശ്വര്യയും ചേർന്ന് ഇതേ വീടിന്റെ ഭൂമി പൂജ സംഘടിപ്പിച്ചത്. ഐശ്വര്യയുടെ മാതാപിതാക്കളായ രജ്‌നികാന്തും ലതയും ചടങ്ങിൽ പങ്കെടുത്തിരുന്നു. പതിനെട്ടു വർഷത്തെ വിവാഹ ബന്ധത്തിനു ശേഷം 2022ലാണ് ധനുഷും ഐശ്വര്യയും പിരിയാൻ തീരുമാനിച്ചത്.
അരുൺ മതേശ്വരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ക്യാപ്‌റ്റൻ മില്ലറി’ന്റെ തിരക്കിലാണിപ്പോൾ ധനുഷ്. ശേഖർ കാമ്മുലയുടെ തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.