തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരമാണ് ധനുഷ്. ഷൂട്ടിങ് സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള തിരക്കേറിയ യാത്ര. അതിനിടെ മാരി 2 എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടക്കുമ്പോള്‍ താരത്തിന് പരുക്കേറ്റു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ധനുഷിന്റെ പരുക്ക് വേഗം ഭേദമാകട്ടെ എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസാണ്. ധനുഷിന്റേയും ടൊവിനോയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കവെയാണ് പരുക്കേല്‍ക്കുന്നത്. ഉദ്വേഗജനകമായ സംഘട്ടന രംഗങ്ങളാണ് മാരി 2വിന്റെ ക്ലൈമാക്‌സില്‍ ചിത്രീകരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.

അപ്രതീക്ഷിതമായി തിരിയുന്നതിനിടെ ധനുഷിന്റെ വലതു കാലിന്റെ മുട്ടിനും ഇടതു കൈയ്യിനും പരുക്കേല്‍ക്കുകയായിരുന്നു. കഠിന വേദന അവഗണിച്ചും ധനുഷ് ചിത്രീകരണം തുടരുകയായിരുന്നു.

സംവിധായകന്‍ ബാലാജി മോഹനും ധനുഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി 2. നേരത്തേ മാരിയിലും ഇരുവരും ഒന്നിച്ചിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണ്. ഇവരെ കൂടാതെ വരലക്ഷ്മി ശരത് കുമാര്‍, ക്രെഷ്‌ന, റോബോ ശങ്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ