തന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി രണ്ടാം ഭാഗത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ ധനുഷ്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സൗന്ദര്യ രജനീകാന്താണ് വിഐപി 2 വിന്റെ സംവിധായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ധനുഷാണ്. തെലുങ്ക് പതിപ്പിന്റെ പ്രൊമോഷൻ ഭാഗമായി ഹൈദരാബാദിൽ എത്തിയ ധനുഷ് ടിവി 9 ചാനലിന് അഭിമുഖം നൽകിയിരുന്നു. പക്ഷേ അഭിമുഖം പൂർത്തിയാക്കാതെ ഇടയ്ക്കുവച്ച് ധനുഷ് ക്ഷുഭിതനായി ചാനലിൽനിന്നും ഇറങ്ങിപ്പോയി. തമിഴ് സിനിമാ താരങ്ങൾക്ക് തലവേദനയായി മാറിയ സുചി ലീക്ക്സിനെക്കുറിച്ചുളള ചോദ്യങ്ങളാണ് ധനുഷിനെ കുപിതനാക്കിയത്.

സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഗായിക സുചിത്ര കാർത്തിക് തമിഴ് നടീ നടന്മാരുടെ ചിത്രങ്ങളും അശ്ലീല വിഡിയോകളും പുറത്തുവിട്ടത്. സുചി ലീക്ക്സ് എന്ന പേരിലായിരുന്നു ട്വിറ്ററിലൂടെ ഇത് പുറത്തുവന്നത്. തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടവയിൽ ഉണ്ടായിരുന്നു. അഭിമുഖം നടത്തിയ പെൺകുട്ടി സുചി ലീക്ക്സിനെക്കുറിച്ച് ധനുഷിനോട് ചോദിച്ചു. സുചി ലീക്ക്സ് മൂലം ധനുഷ് മാനസികമായ വേദനയിലൂടെ കടന്നുപോയില്ലേയെന്നു പെൺകുട്ടി ചോദിച്ചു. ഇതുകേട്ട ധനുഷ് ആരാണ് അങ്ങനെ പറഞ്ഞതെന്ന് തിരിച്ച് ചോദിച്ചു. ധനുഷ് ഉൾപ്പെട്ട ചില മോശം വിഡിയോകൾ സുചി ലീക്ക്സിലൂടെ പുറത്തുവന്നുവെന്ന ചോദ്യത്തിന് അങ്ങനെ ഒരു വിഡിയോയും പുറത്തുവന്നിട്ടില്ലെന്നായിരുന്നു ധനുഷിന്റെ മറുപടി. എന്നാൽ അതുകൊണ്ടൊന്നും പെൺകുട്ടി നിർത്തിയില്ല. ധനുഷിനെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു.

Read More : ആരാധകർ കേൾക്കണം മനസ്സിൽ തട്ടി ധനുഷ് പറഞ്ഞ വാക്കുകൾ

സുചി ലീക്ക്സ് മൂലം ധനുഷിന്റെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായില്ലേയെന്നു കൂടി അവതാരക ചോദിച്ചപ്പോൾ ധനുഷിന്റെ നിയന്ത്രണം വിട്ടു. ഇത് മണ്ടത്തരം നിറഞ്ഞ അഭിമുഖമാണെന്ന് പറഞ്ഞ് മൈക്ക് വലിച്ചൂരി എറിഞ്ഞ് ധനുഷ് സ്റ്റുഡിയോയിൽനിന്നും ഇറങ്ങിപ്പോയി. സുചി ലീക്ക്സ് വിവാദത്തെക്കുറിച്ച് ധനുഷിനോട് ഒരു അഭിമുഖത്തിൽ ചോദിക്കുന്നത് ഇതാദ്യമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ