ഏഴുവർഷങ്ങൾക്കു മുൻപ് തമിഴകത്തും മലയാളക്കരയിലുമൊക്കെ തരംഗം തീർത്ത പാട്ടുകളിലൊന്നായിരുന്നു തമിഴ് ചിത്രം ‘3’ലെ വൈ ദിസ് കൊലവറി ഡി? എന്നു തുടങ്ങുന്ന ഗാനം. കുട്ടികളെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും മൂളിനടന്ന ആ തട്ടുപൊളിപ്പൻ പാട്ടിനു പിറകിലെ പ്രധാന വ്യക്തി അനിരുദ്ധ് രവിചന്ദർ എന്ന യുവ സംഗീതസംവിധായകനായിരുന്നു. ഇരുപത്തൊന്നുകാരനായ അനിരുദ്ധിന്റെ തമിഴ് സിനിമാ സംഗീതലോകത്തേക്കുള്ള അരങ്ങേറ്റവും ആ പാട്ടിലൂടെയായിരുന്നു.

ധനുഷ് പാടി അഭിനയിച്ച ആ ചിത്രം ഭാഷകൾക്ക് അപ്പുറത്തേക്ക് ശ്രദ്ധ നേടുകയും വൈറലാവുകയും ചെയ്തു. 175 മില്യണോളം ആളുകളാണ് യൂട്യൂബിൽ ‘കൊലവറി’ ഗാനം കണ്ടത്. ‘3’ മുതൽ ‘മാരി’ വരെ നീളുന്ന നിരവധി ഹിറ്റ് ആൽബം സോംഗുകളിലൂടെ അനിരുദ്ധ്- ധനുഷ് കൂട്ടുകെട്ട് വളരുകയായിരുന്നു. ആരാധകർ സ്നേഹത്തോടെ ‘ഡി എൻ എ’ എന്നു വിളിക്കുന്ന ധനുഷും അനിരുദ്ധും നാലു വർഷങ്ങൾക്കു ശേഷം വീണ്ടുമൊന്നിക്കുകയാണ്.

ധനുഷും അനിരുദ്ധും പിണക്കത്തിലാണെന്നും അനിരുദ്ധിന്റെ ശിവകാർത്തികേയനുമായുള്ള അസോസിയേഷനാണ് ധനുഷുമായി പിരിയാൻ കാരണമെന്നുമൊക്കെ അഭ്യഹങ്ങളുണ്ടായിരുന്നു. ‘മാരി'(2015)യിലാണ് ഇരുവരും അവസാനം ഒന്നിച്ചു പ്രവർത്തിച്ചത്. ‘മാരി2’വിൽ അനിരുദ്ധിന് പകരം യുവൻ ശങ്കർ രാജയായിരുന്നു ‘സംഗീതസംവിധാനം നിർവ്വഹിച്ചത്. എന്നാൽ അഭ്യൂഹങ്ങളിലൊന്നും കഴമ്പില്ലെന്നും ഞങ്ങൾ​ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ഇരുവരും പറയുന്നത്.

Read more: രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

അടുത്തിടെ ബിഹൈൻഡ് വുഡിന് നൽകിയ ഒരു അഭിമുഖത്തിൽ അനിരുദ്ധും ധനുഷുമായുള്ള സൗഹൃദത്തെ കുറിച്ച് വാചാലനായിരുന്നു, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ബോധപൂർവ്വമായി ഞങ്ങൾ എടുത്ത ബ്രേക്ക് ആയിരുന്നു അത്, എന്നാൽ ആ ഇടവേള പ്രതീക്ഷിച്ചതിലും നീണ്ടുപോയി. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിലാണ് ആളുകൾ അതിനെ ചിത്രീകരിക്കുന്നത്. ശുദ്ധ അസംബന്ധമാണത്. ഞങ്ങൾ പഴയതിലും ഗംഭീരമായി തിരിച്ചുവരും,” അനിരുദ്ധ് പറയുന്നു. അടുത്തിടെ സൗന്ദര്യ രജനീകാന്തിന്റെ വിവാഹാഘോഷങ്ങൾക്കിടയിൽ ധനുഷും അനിരുദ്ധും ചേർന്ന് ‘കൊലവറി’ ഗാനം ആലപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook