നല്ല സിനിമകളുടെ പിറവിക്ക് പിന്നില്‍ അതിമോഹമുള്ളൊരു സംവിധായകനാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇതില്‍ പലപ്പോഴും കഷ്ടപ്പെടേണ്ടി വരുന്നത് ചിത്രത്തിലെ അഭിനേതാക്കളായിരിക്കും. മികച്ച രംഗങ്ങള്‍ കിട്ടാനായി അഭിനേതാക്കള്‍ കധിനാധ്വാനികളും സാഹസികരും ആയി മാറേണ്ടി വരും. ഇത് തന്നെയാണ് ദഡക് എന്ന ചിത്രത്തിലെ നായകനായ ഇഷാന്‍ ഖട്ടറും ചെയ്യേണ്ടി വന്നത്.

ഷാഷങ്ക് ഖൈത്തന്‍ ആണ് ഇഷാനെ കൊണ്ട് സാഹസികമായ ഒരം രംഗം ചിത്രീകരിച്ചത്. ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രമായ ദഡകിലെ ഒരം ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ഉദയ്പൂരിലുളള ഒരു കുളത്തിലേക്ക് എടുത്ത് ചാടാനാണ് സംവിധായകന്‍ ഇഷാനോട് നിര്‍ദേശിച്ചത്. ചിത്രീകരണത്തിന്റെ തലേന്ന് രാത്രി കുളത്തില്‍ ഒരു പാമ്പുണ്ടെന്ന് സംവിധായകന്‍ ഇഷാനോട് പറഞ്ഞിരുന്നു.

എന്നാല്‍ കുളത്തില്‍ നിറയെ പാമ്പുകളുണ്ടെന്ന് ചിത്രീകരണത്തിന് ശേഷമാണ് സംവിധായകന്‍ ഇഷാനോട് പറഞ്ഞത്. ഒരു അഭിമുഖ പരിപാടിയില്‍ സംവിധായകന്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ജാന്‍വിയും ഇഷാനും ഞെട്ടലോടെയാണ് സംവിധായകന്റെ വാക്കുകള്‍ കേട്ടത്.

‘ചിത്രീകരണത്തിന് മുമ്പ് കുളത്തിനടുത്ത് എത്തിയപ്പോഴാണ് പാമ്പുകള്‍ ഉണ്ടെന്ന് അറിഞ്ഞത്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഒരു പാമ്പ് തലപൊക്കി വെളളത്തിന് മുകളിലേക്ക് വരികയും ചെയ്തു’, സംവിധായകന്‍ പറഞ്ഞു. മറാത്തി സിനിമയായ സൈറാത്ത് എന്ന ചിത്രത്തിന്റെ റീമേക്കാണ് ദഡക്. മറാത്തി സിനിമയില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം ബോളിവുഡില്‍ വലിയ മാറ്റങ്ങളൊന്നും കൂടാതെയാണ് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ