ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐ എഫ് എഫ് ഐ), എന്ന രാജ്യത്തെ ഏറ്റവും പ്രധാനപെട്ട ചലച്ചിത്രമേളയുടെ നടത്തിപ്പില്‍ അടുമുടി അഴിച്ചു പണി നടത്തി പുതിയ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള, ഡല്‍ഹി ആസ്ഥാനമായ ഡിറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് (ഡി എഫ് എഫ്), ഗോവ സര്‍ക്കാരിന്‌ കീഴിലുള്ള എന്റര്‍റ്റൈന്‍മെന്‍റ്  സൊസൈറ്റി ഓഫ് ഗോവ (ഇ എസ് ജി) എന്നിവ സംയുക്തമായാണ് എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉള്ളടക്കം (content) ഡി എഫ് എഫ് കൈകാര്യം ചെയ്യുമ്പോള്‍ മറ്റു സേവനങ്ങള്‍ (logistics) ഇ എസ് ജി കൈകാര്യം ചെയ്യുന്നു. ഇതില്‍ ഡി എഫ് എഫിന്‍റെ ചുമതലകളാണ് മുംബൈ ആസ്ഥാനമായുള്ള നാഷണല്‍ ഫിലിം ഡിവലപ്പ്‌മെന്‍റ് കോര്‍പറേഷനെ (എന്‍ എഫ് ഡി സി) ഏല്‍പ്പിച്ചിരിക്കുന്നത്.

മേളയുടെ ഉള്ളടക്കത്തില്‍ പ്രധാനപെട്ടതായ മത്സര വിഭാഗം, ലോക സിനിമ, ഇന്ത്യന്‍ പനോരമ, എന്നിവയുടെ തിരഞ്ഞെടുക്കലാണ് ഡി എഫ് എഫ്‌ ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്. ഈ തിരഞ്ഞെടുപ്പിന് വേണ്ട പ്രിവ്യു കമ്മിറ്റി, ഇന്ത്യന്‍ പനോരമ ജൂറി എന്നിവയുടെ രൂപീകരണവും നടത്തിപ്പും ഇപ്പോള്‍ നടന്നു വരുന്ന സാഹചര്യത്തിലാണ് ഈ ചുമതല കൈമാറ്റം.  ഇതിനു മുന്നോടിയായി മേളയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലവിലുള്ള പ്രധാനപ്പെട്ട കമ്മിറ്റികളുടെയെല്ലാം പുനര്‍നിര്‍ണ്ണയവും സ്മൃതി ഇറാനി നടത്തിയിരുന്നു.

വര്‍ഷങ്ങളായി മേള നടത്തി വരുന്ന ഡി എഫ് എഫ്, പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഒരു ബ്യൂറോക്രാറ്റിക്ക് മേളയായി മാറി എന്നതാണ് അതില്‍ ഏറ്റവും രൂക്ഷമായത്. ഇതേ സമയം, വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ എഫ് ഡി സി, ഗോവ മേളയുടെ അതേ ദിനങ്ങളില്‍ തന്നെ ഫിലിം ബസാര്‍ എന്ന സിനിമാ നിര്‍മ്മാതാക്കളുടെ സമ്മേളനം വിജയകരമായി സംഘടിപ്പിക്കുകയും ചെയ്യുന്നു.

എന്‍ എഫ് ഡി സിയുടെ കാര്യക്ഷമത കണക്കിലെടുത്താണ് ഫെസ്റ്റിവല്‍ നടത്തിപ്പും അവരെ ഏല്‍പ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈ ആസ്ഥാനമായ എന്‍ എഫ് ഡി സി യിലേയ്ക്കു മേള എത്തുന്നതോട് കൂടി, മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ മേളയുടെ നടത്തിപ്പില്‍ സജീവമാകും എന്നാണ് കരുതപ്പെടുന്നത്.

ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്മൃതി ഇറാനിയുടെ പുതിയ കാല്‍വെയ്പ്പുകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ