എക്കാലത്തേയും മെഗാഹിറ്റായി മാറിയ ‘അര്‍ജുന്‍ റെഡ്ഢി’ എന്ന ചിത്രത്തിന് ശേഷം ടോളിവുഡിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ചിത്രത്തിലെ അര്‍ജുന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇതിന് ശേഷം വിജയിയുടെ പുറത്തുവരുന്ന സ്റ്റൈലിഷ് ഫോട്ടോഗ്രാഫുകള്‍ ആരാധികമാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നതെന്നാണ് ടോളിവുഡില്‍ നിന്നുളള വിവരം. ആ പട്ടികയിലേക്കാണ് പുതിയൊരു ചിത്രം കൂടി കടക്കുന്നത്.

‘വോവ്’ മാഗസിന് വേണ്ടിയാണ് താരം ഇപ്പോള്‍ പോസ് ചെയ്തിരിക്കുന്നത്. രണ്ട് ചൂടന്‍ മോഡലുകള്‍ക്കൊപ്പമുളള മാഗസിന്റെ കവര്‍ ചിത്രം ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. മാഗസിന്റെ 15ാം എഡിഷന്‍ ചൂടപ്പം പോലെയാണ് വിറ്റുപോവുന്നതെന്നാണ് തെലുഗില്‍ നിന്നുളള വിവരം.

അര്‍ജുന്‍ റെഡ്ഢിക്ക് പിന്നാലെ താരത്തിന്റെ അടുത്ത ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രശസ്ത സംവിധായകന്‍ മണിരത്നവുമായി വിജയ് ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കൂടാതെ ഗൗതം മേനോന്റെ സംവിധാനത്തിലും വിജയ് ദേവരകൊണ്ട നായകനാകുമെന്നാണ് വിവരം. അതേസമയം, ജൂനിയര്‍ എന്‍ടിആര്‍ നായകനായ ‘ജയ് ലവ കുശ’ എന്ന ചിത്രത്തിന് ശേഷം ബോബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആയിരിക്കും വിജയ് അടുത്തതായി വേഷമിടുക. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയതായും വിജയ്ക്ക് കഥ ഇഷ്ടമായതായും ആണ് വിവരം.


ബോബി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണെന്നാണ് ടോളിവുഡ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇതിന് ശേഷം വിജയ്‌യുടെ ആദ്യ മെഗാഹിറ്റായ ‘പെല്ലി ചൂപ്പുലു’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ചിത്രത്തിലും വിജയ് അഭിനയിക്കും.

നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേഷനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. 84-ാം വയസില്‍ 2005ല്‍ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്രമാണ് ചിത്രത്തിന്റെ പ്രമേയം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാകും വിജയ് ദേവരകൊണ്ട അഭിനയിക്കുക. മലയാളി താരം കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തില്‍ എത്തുമ്പോള്‍ സമാന്തയും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ