Devadoothar Paadi: മലയാളികളുടെ നൊസ്റ്റാൾജിയയുടെ ഉലയിൽ നിന്നും കാലം വീണ്ടും ഊതികാച്ചിയെടുത്ത പാട്ടാണ് കാതോട് കാതോരത്തിലെ ‘ദേവദൂതർ പാടി’ എന്ന മാന്ത്രിക ഈണം. 37 വർഷങ്ങൾക്കു മുൻപ് ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി ഈ പാട്ട് ചിട്ടപ്പെടുത്തിയത് ഔസേപ്പച്ചനാണ്. ഒഎൻവി കുറുപ്പിന്റേതായിരുന്നു വരികൾ. അർത്ഥസമ്പന്നമായ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ടപ്പോൾ അദ്ദേഹത്തിന്റെ തന്നെ പാട്ടുകളിലെ എക്കാലത്തെയും മാജിക്കൽ കോമ്പസിഷൻ എന്നു വിളിക്കാവുന്ന ഒരു പാട്ടായി ദേവദൂതർ മാറി.
ശുദ്ധധന്യാസി, ജോഗ് രാഗങ്ങളുടെ ലയനമാണ് ഈ പാട്ടിൽ കാണാനാവുക. മെലഡിയുടെയും ഫാസ്റ്റ് നമ്പറിന്റെയും ഫീൽ ഒരുപോലെ സമ്മാനിക്കുന്ന പാട്ട്. ചിത്രത്തിൽ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം കാണിക്കുന്നതെന്നതിനാൽ ഭക്തിസാന്ദ്രമായൊരു വശവും ഈ പാട്ടിനുണ്ട്. കെ.ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക എന്നിവർ ചേർന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചത്.
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒരു മാജിക് ഈ പാട്ടിൽ ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ടാവാം ഒരു തലമുറ ഉത്സവപറമ്പുകളിലും ഗാനമേളകളിലും ഈ പാട്ട് പാടി നടന്നത്. മൂന്നര പതിറ്റാണ്ടിനിപ്പുറം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആ പാട്ടൊന്നു കേൾപ്പിക്കേണ്ട താമസം വിസ്മൃതിയുടെ പതിറ്റാണ്ടുകളെ അനായേസേന വകഞ്ഞുമാറ്റി ദേവദൂതർ വീണ്ടും കേൾവിയിൽ സ്വരരാഗമഴയായി പെയ്തിറങ്ങുകയാണ്. ജനറേഷൻ ഗ്യാപ്പോ മാറിയ സംഗീത അഭിരുചികളോ ഒന്നും ‘ദേവദൂതറി’ന്റെ മാജിക്കൽ ഈണത്തിനു മുന്നിൽ തടസ്സമാവുന്നില്ല.
പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിൽക്കാലത്ത് ലോകപ്രശസ്തരായ സംഗീതജ്ഞരായി മാറി. പാട്ടിനായി ഡ്രംസ് വായിച്ചത് ശിവമണി ആണ്. ഗിറ്റാറിൽ ഈണമൊരുക്കിയത് പ്രഗത്ഭനായ ജോൺ ആന്റണി. അന്ന് ദിലീപ് എന്ന് അറിയപ്പെട്ടിരുന്ന എ.ആർ.റഹ്മാൻ ആണ് പാട്ടിനായി കീബോർഡ് വായിച്ചത്.
ദേവദൂതർ എന്ന പാട്ടിന് 37 വർഷത്തെ പഴക്കമാണ് ഉള്ളതെങ്കിൽ ആ ഈണത്തിന് അതിലുമേറെ പഴക്കമുണ്ടെന്നാണ് ഔസേപ്പച്ചൻ പറയുന്നത്. “37 വർഷത്തിനു മുൻപ് ചെയ്ത പാട്ടാണ് ദേവദൂതർ പാടി. പക്ഷേ ഈ പാട്ട് എന്റെ മനസ്സിൽ രൂപപ്പെട്ടിട്ട് അൻപത് കൊല്ലം ആയിട്ടുണ്ടാകും. എന്റെ കൗമാരകാലത്ത് ഞാൻ സ്വന്തമായി കംപോസ് ചെയ്ത് വയലിനിൽ വായിച്ച ബിറ്റ് ആണത്. അമേരിക്കൻ ഫോക്ക് ശൈലിയിലുള്ള ആ ബിറ്റ് വായിക്കുന്നത് എനിക്കൊരു രസമായിരുന്നു,” ഔസേപ്പച്ചന്റെ വാക്കുകൾ ഇങ്ങനെ.
മമ്മൂട്ടിയും സരിതയും നെടുമുടി വേണുവുമായിരുന്നു കാതോട് കാതോരത്തിലെ ആ ഗാനരംഗത്തിൽ നിറഞ്ഞുനിന്നത്. വേദിയിൽ മമ്മൂട്ടിയും സരിതയും ഗായകസംഘവും ചേർന്ന് പാടുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
പാട്ടിന്റെ വരികൾ
ചിത്രം: കാതോട് കാതോരം
സംഗീതം: ഔസേപ്പച്ചൻ
വരികൾ: ഒ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക
രാഗം: ശുദ്ധധന്യാസി, ജോഗ്
വരികൾ:
ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
(ദേവദൂതർ…)
ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ…
വന്നു നിന്റെ വീണയിൽ
നിൻ പാണികളിൽ തൊട്ടു
ആടുമേയ്ക്കാൻ കൂടെ വരാം
പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി
(ദേവദൂതർ…)
ആയിരം വർണ്ണങ്ങൾ കൂടെ
വന്നു
അഴകാർന്നോരാടകൾ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ…
ആകാശം പൂത്തു
ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ
കല്യാണം
(ദേവദൂതർ…)
പൊന്നുംനൂലിൽ പൂത്താലിയും കോർത്തു
തന്നു
കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു
കല്യാണപ്പൂപ്പന്തൽ
സ്വർഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല കലപില പാടും
താഴത്തോ
ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം
(ദേവദൂതർ…)
പുതിയ പാട്ടു കണ്ടു പഴയത് തപ്പി വന്നവർ
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഈ ഗാനരംഗം വൈറലായതോടെ ഒർജിനൽ ‘ദേവദൂതർ പാടി’ യൂട്യൂബിലെത്തിയവരും കുറവല്ല. ചാക്കോച്ചന്റെ പാട്ടും ഡാൻസും കണ്ട് വീണ്ടും കാണാനെത്തിയവരുടെ കമന്റുകളാണ് പാട്ടിനു താഴെ നിറയുന്നത്.
കളം മാറ്റി ചവിട്ടുന്ന ചാക്കോച്ചൻ
ചോക്ക്ലേറ്റ് നായകനെന്ന ലേബലുകളിൽ നിന്നെല്ലാം പൂർണമായി വഴിമാറി സഞ്ചരിക്കുന്ന കുഞ്ചാക്കോ ബോബൻ എന്ന നടനെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ ലുക്കും വേഷവിധാനവും മാനറിസങ്ങളുമെല്ലാം.
നാട്ടിൻപുറത്തെ ഒരു ഉത്സവം കണ്ട ഫീൽ. ചാക്കോച്ചാ നിങ്ങൾ വേറെ ലെവൽ ആണ്!!
പഴയ പാട്ടിനോടുള്ള ഇഷ്ടം എത്ര തലമുറകൾ മാറി വന്നാലും എന്നും പുതുമയുള്ളതാണ് അതുകൊണ്ടാണ് 37 വർഷങ്ങൾക്കപ്പുറം ഈ പാട്ട് വീണ്ടും ജനിച്ചത്
എല്ലാ നാട്ടിലും ഇതുപോലെ ഒരു സൂപ്പർ ഡാൻസർ ഉണ്ടാകും, എല്ലാ ഗാനമേള സ്റ്റേജിന്റെ മുന്നിലും തകർത്ത് മതി മറന്നാടുന്ന ഒരു നാട്ടിൻ പുറത്തുകാരൻ….ചാക്കോച്ചൻ പൊളിച്ചു.
ചക്കോച്ചന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റിയുള്ള പെർഫോമൻസ്. സത്യത്തിൽ ഇതിൽ ചാക്കോച്ചൻ ഇല്ല. കഥാപാത്രം മാത്രം, കിടുക്കി! എന്നിങ്ങനെ പോവുന്നു പാട്ടിനു താഴെയുള്ള കമന്റുകൾ.
മമ്മൂട്ടിയെ കടത്തിവെട്ടി കുഞ്ചാക്കോ ബോബൻ
‘ദേവദൂതർ’ക്ക് മുൻപൊന്നുമില്ലാത്തത്രയും ജനപ്രീതിയാണ് ചാക്കോച്ചൻ ഇപ്പോൾ നേടി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഈ ഗാനം. 6.3 മില്യൺ (6,335,414 views) ആളുകളാണ് ഇതിനകം ഈ ഗാനരംഗം യൂട്യൂബിൽ കണ്ടിരിക്കുന്നത്.
ചാക്കോച്ചനു പിന്നാലെ ദുൽഖറും
ചാക്കോച്ചന്റെ ദേവദൂതർക്കു പിന്നാലെ ദുൽഖറിന്റെ ഡാൻസുമെത്തി. സീതാരാമം പ്രമോഷനിടെയായിരുന്നു പ്രസ്തുത ഗാനം പാടിയും ആടിയും ദുൽഖർ വേദിയെ കയ്യിലെടുത്തത്. അച്ഛന്റെ പാട്ട് മകൻ ഏറ്റുപാടി എന്ന പ്രത്യേകതയും ദുൽഖറിന്റെ പെർഫോമൻസിനുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിലും ഗാനത്തിന്റെ പുനരാവിഷ്കരണവും ഡാൻസും റീലുമൊക്കെ നിറയുകയാണ്.