ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം. ഏപ്രിൽ 14ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. പ്രമോഷന് തുടക്കമായതിന്റെ സന്തോഷം പങ്കിടുകയാണ് ദേവ് മോഹൻ. നടി സാമന്തയ്ക്കും അണിയറപ്രവർത്തകർക്കുമൊപ്പം ക്ഷേത്രസന്ദർശനം നടത്തിയാണ് പ്രമോഷൻ പരിപാടികൾക്ക് ദേവ് മോഹൻ തുടക്കം കുറിച്ചത്.
സാമന്തയും ദേവ് മോഹനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ശാകുന്തളം’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. അദിതി ബാലൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. തെന്നിന്ത്യൻ താരം അല്ലു അർജുന്റെ മകൾ അല്ലു അര്‍ഹയും ചിത്രത്തിലുണ്ട്. ഭരത രാജകുമാരനായാണ് അല്ലു അര്‍ഹ ചിത്രത്തിൽ വേഷമിടുന്നത്.
സംഗീത സംവിധാനം ശർമ. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.
ദേശീയ പുരസ്കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നീതു ലുല്ലയാണ് ചിത്രത്തിൽ സാമന്തയുടെ വസ്ത്രമൊരുക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകർ ഉറ്റുനോക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ശാകുന്തളം’.