scorecardresearch

Minnal Murali Shooting Set Vandalised: കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഫെഫ്ക; പ്രതികരണവുമായി സിനിമാലോകം

Minnal Murali Shooting Set Vandalised: 'മിന്നൽ മുരളി' സിനിമയുടെ ഷൂട്ടിംഗിനായി കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം ഉണ്ടാക്കിയ സെറ്റ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് സിനിമാലോകം

Minnal Murali Shooting Set Vandalised: 'മിന്നൽ മുരളി' സിനിമയുടെ ഷൂട്ടിംഗിനായി കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം ഉണ്ടാക്കിയ സെറ്റ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് സിനിമാലോകം

author-image
Entertainment Desk
New Update
Minnal Murali, മിന്നൽ മുരളി, Minnal murali site distroyed, Basil Joseph, ബേസിൽ ജോസഫ്, Tovino Thomas, ടൊവിനോ തോമസ്, Tovino thomas basil film, Tovino thomas latest films, Tovino thomas latest photos, ടൊവിനോ തോമസ് ചിത്രങ്ങൾ, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം,​ ഐ ഇ മലയാളം

Minnal Murali Shooting Set Vandalised: ടൊവീനോ തോമസ്‌ നായകനായ 'മിന്നൽ മുരളി' എന്ന സിനിമയ്ക്കു വേണ്ടി കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം ഉണ്ടാക്കിയ പള്ളിയുടെ സെറ്റ് തകർക്കപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിനിമാരംഗത്തു നിന്നും നിരവധി പേർ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്.

Advertisment

സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചും കേരള കൃഷി വകുപ്പിന്റെയും കാലടി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര ഭരണ സമിതിയുടെയും അനുവാദം വാങ്ങിയും ക്ഷേത്ര ഭരണസമിതിക്ക് വാടക നൽകിയുമാണ് പ്രസ്തുത സ്ഥലത്ത് സെറ്റ് നിർമ്മിച്ചതെന്ന് ചലച്ചിത്ര തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഫെഫ്ക. വൻ മുതൽമുടക്കോടെ പൂർത്തിയാക്കിയ സെറ്റ് ചില സാമൂഹിക ദ്രോഹികൾ യാതൊരു കാരണവുമില്ലാതെ ഇന്നലെ രാത്രി പൊളിച്ചുകളഞ്ഞിരിക്കുകയാണ്. കേരളീയ പൊതുസമൂഹം നാളിതുവരെ ഒന്നിച്ച് നിന്ന് പൊരുതി നേടിയ എല്ലാ സാമൂഹിക നേട്ടങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ സാമൂഹിക വിരുദ്ധർ നടത്തിയ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നവെന്നും ഫെഫ്ക പറഞ്ഞു. ഈ സാമൂഹിക വിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഫെഫ്ക ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തു നിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ പള്ളിയുടെ സെറ്റ് പൊളിച്ചിരിക്കുന്നത്. രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റായ മലയാറ്റൂർ രതീഷും സംഘവുമാണ് ഇതിനു പിന്നിലെന്നും ഹരി പാലോട് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

കോവിഡ്‌ മൂലം സിനിമയുടെ ചിത്രീകരണം നിർത്തി വച്ച സമയത്താണ് ഈ അനിഷ്ടസംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. സംഭവത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

Advertisment

ഷൂട്ടിംഗ് സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

സംഭവത്തിൽ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ, നടി മാലാ പാർവ്വതി, നിർമാതാവ് സോഫിയ പോൾ, നടൻ ടൊവിനോ ജോസഫ്, ബേസിൽ ജോസഫ് എന്നിവരും സംഭവത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

"അമ്പലത്തിൻ്റെ മുന്നിൽ പള്ളി കണ്ടാൽ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധർ.ഇവർ ഇത് ചെയ്തിരിക്കുന്നത് 'മിന്നൽ മുരളി' എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവർത്തകരോടൊ അല്ല. കേരളത്തോടാണ്," എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ മാല പാർവതി കുറിക്കുന്നത്.

"എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? 'മിന്നൽ മുരളി' എന്ന സിനിമയ്ക്ക് വേണ്ടി നിർമ്മിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിൻ്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകർക്കപ്പെട്ടു. കാലടിയിലാണ് സംഭവം.' ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന സിനിമയാണ് 'മിന്നൽ മുരളി'. ആ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ നിർമ്മിച്ച പള്ളിയാണ് ഇപ്പോൾ തകർക്കപ്പെട്ടത്. ലോക്ക് ഡൗൺ ആയതിനാലാണ് ഷൂട്ടിംഗ് നടക്കാതിരുന്നത്. ഗവൺമെന്റിന്റെ ഉത്തരവിന് കാത്തിരിക്കുമ്പോഴാണ് ചിലർ ഈ അതിക്രമം കാട്ടിയത്. സിനിമ വ്യവസായം തന്നെ പ്രശ്നത്തിലാണ്. സിനിമാ തിയേറ്ററുകൾ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്. ഒരു സിനിമ നിർമ്മിക്കുന്നതിന്റെ പിന്നിലെ അദ്ധ്വാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിർമ്മിക്കുന്നത്. സിനിമയോട് ആത്മാർത്ഥതയുള്ള, നല്ല നിർമ്മാതാക്കൾ തന്നെയാണ് മലയാള സിനിമയെ ഈ നിലയിൽ നിലനിർത്തുന്നത്. സോഫിയ പോൾ നിർമ്മിക്കുന്ന ഈ ചിത്രവും വ്യത്യസ്തമല്ല." മാലാ പാർവ്വതി പറയുന്നു.

"രണ്ട് കൊല്ലത്തെ പ്ലാനിംഗുണ്ട് ഈ ടൊവീനോ ചിത്രത്തിന് പിറകിൽ. കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാദ്ധ്യാനത്തിന്റെ ഫലമാണ്, തകർക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവർ കെട്ടിപൊക്കിയത്. ആ സിനിമയിൽ പ്രവർത്തിച്ച മുഴുവൻ പേരുടെയും സ്വപ്നം ആ പള്ളിയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധർ. അമ്പലത്തിന്റെ മുന്നിൽ പള്ളി കണ്ടാൽ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധർ .ഇവർ ഇത് ചെയ്തിരിക്കുന്നത് 'മിന്നൽ മുരളി' എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവർത്തകരോടൊ അല്ല. കേരളത്തോടാണ്. മുസ്ലീം പള്ളിയും, ക്രിസ്ത്യൻ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിന്റെ ആലയങ്ങളാണെന്ന് ബോദ്ധ്യമുള്ള കേരളത്തോട്. നടപടിയുണ്ടാവണം. ഇത് ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവർക്ക് പണിതുണ്ടാക്കാൻ അറിയില്ലല്ലോ, തകർക്കാനല്ലേ അറിയു ! " മാല പാർവ്വതി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത് ഇങ്ങനെ.

" വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണ് ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും. അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്," ടൊവിനോ പറയുന്നു.

"സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും.മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം," സംവിധായകൻ ആഷിഖ് അബുവും സംഭവത്തോട് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

"വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്‌, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച 'മിന്നൽമുരളി' എന്ന സിനിമയുടെ സെറ്റാണ്‌ സാമൂഹിക വിരുദ്ധർ തകർത്തത്‌. ലോകം മുഴുവനും, വർഗ്ഗ- വർണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌? ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം," 'മിന്നൽ മുരളി' ടീമിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഞങ്ങളുടെ സ്വപ്നമാണ് തകർക്കപ്പെട്ടത് എന്നാണ് സംഭവത്തോട് പ്രതികരിച്ച് സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞത്.

"എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം. ട്രോൾ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയമാവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ 'ഇനി എന്ന്' എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു. ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട്ട് ഡയറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെർമിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത്, എല്ലാവരും നിസ്സഹായരായി നിൽക്കുന്ന സമയത്ത്, ഒരുമിച്ചു നിൽക്കേണ്ട സമയത്ത് , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്, ആശങ്കയും." ഫേസ്ബുക്ക് കുറിപ്പിൽ ബേസിൽ പറയുന്നു.

സിനിമയുടെ സെറ്റ് പൊളിച്ചത് ഞെട്ടൽ ഉണ്ടാക്കുന്നതായി അജു വർഗീസ് പറഞ്ഞു.

നമ്മുടെ നാടിന് ഇതെന്ത് പറ്റി എന്നോർത്ത് തലയിൽ കെെവച്ച് പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.

സർക്കാരിൽ നിന്നും വാങ്ങിക്കേണ്ട എല്ലാ അനുമതികളും വാങ്ങിച്ചുകൊണ്ട്‌ നിയമാനുസൃതമായാണ് ലൊക്കേഷൻ ഒരുക്കിയതെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ നിർഭാഗ്യകരവും ഏറെ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമാണ് എന്നാണ് നിർമാതാവ് സോഫിയ പോൾ പറയുന്നത്.

സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തു നിന്ന് പൊളിച്ചുനീക്കിയതായി അറിയിച്ചുകൊണ്ട് എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ്.

Read more: ടൊവിനോ ഇനി ‘മിന്നൽ മുരളി’; ചിത്രത്തിന് തുടക്കമായി

‘ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സമീർ താഹിർ ക്യാമറയും ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ഓണം റിലീസായി തീയറ്ററുകളിൽ എത്തിക്കാനായി ധൃതിപിടിച്ച് ചിത്രീകരണജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കെ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു.

Tovino Thomas Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: