മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് വീണ്ടും തിരക്കഥയൊരുക്കുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് ഡെന്നീസ് ജോസഫ് വീണ്ടും തിരക്കഥ രചിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. മലയാള സിനിമയിലെ ഒരു സൂപ്പർ താരമായിരിക്കും ഡെന്നീസ് ജോസഫ്-ഒമർ ലുലു ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പ്രമുഖ താരങ്ങളെല്ലാം സിനിമയിൽ ഉണ്ടായിരിക്കും.

മോഹൻലാൽ, മമ്മൂട്ടി എന്നിവരെ മലയാള സിനിമയിലെ താരരാജാക്കൻമാരായി അവരോഹിച്ച സിനിമകളുടെയെല്ലാം തൂലിക ഡെന്നീസ് ജോസഫിന്റേതാണ്. ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുക്കെട്ടിൽ പിറന്ന സിനിമകളെല്ലാം ഒരു കാലത്ത് മലയാള സിനിമയിലെ ട്രെൻഡുകളായിരുന്നു. 2013 ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘ഗീതാഞ്ജലി’യുടെ തിരക്കഥ ഡെന്നീസ് ജോസഫിന്റേതായിരുന്നു.

Read Also: സിനിമ, ജീവിതം, ഫഹദ്: ഫാസിലുമായി ദീർഘ സംഭാഷണം

ഇപ്പോൾ ഏഴ് വർഷങ്ങൾക്കു ശേഷം ഡെന്നീസ് ജോസഫ് വീണ്ടും തിരക്കഥ രചിക്കുന്നത് ഒമർ ലുലുവെന്ന യുവസംവിധായകനു വേണ്ടിയാണ്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലവ്, ധമാക്ക എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു.

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റുകളായ നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, സംഘം, നായര്‍സാബ്, ദിനരാത്രങ്ങള്‍, കോട്ടയം കുഞ്ഞച്ചന്‍, എഫ്‌ഐആര്‍ തുടങ്ങി നിരവധി സിനിമകളുടെ തിരക്കഥ ഡെന്നീസ് ജോസഫിന്റേതാണ്.

Read Also: അന്ന് ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരം, ഇന്ന് ‘ധമാക്ക’യിലെ നായകൻ

നേരത്തെ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു ഒരു സിനിമ ചെയ്യുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, പിന്നീട് അതേകുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. ഡെന്നീസ് ജോസഫ് തിരക്കഥ രചിക്കുന്ന സിനിമയിൽ മമ്മൂട്ടിയാണോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന കാര്യത്തിൽ വ്യക്‌തതയില്ല. അണിയറ പ്രവർത്തകർ വരും ദിവസങ്ങളിൽ ഇതു പുറത്തുവിടും. സംഗീത സംവിധായകൻ തമിഴിൽ നിന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook