സെൻസർ ബോർഡിൽ പ്രദർശനാനുമതി ലഭിക്കാൻ വൈകിയതോടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടിയാൻ 29 ന് റിലീസ് ചെയ്യില്ല. സിനിമ ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റിയതായി സോഷ്യൽ മീഡിയ വഴി സിനിമയുടെ അണിയറ പ്രവർത്തകരാണ് അറിയിച്ചത്.

സിനിമ റിലീസ് മാറ്റിയതായ വിവരം ആദ്യം നടൻ പൃഥ്വിരാജ് സുകുമാരനാണ് പങ്കുവച്ചത്. തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ ഇത് കുറിച്ച പൃഥ്വി ഇക്കാര്യത്തിൽ പ്രേക്ഷകർക്കുണ്ടായ നീരസത്തിൽ ക്ഷമ ചോദിച്ചു. സെൻസർ ബോർഡിൽ നിന്നും പ്രദർശനാനുമതി ലഭിക്കുന്നതിൽ ചെറിയ തടസമുണ്ടായെന്നും ഇതിനാലാണ് റിലീസ് മാറ്റിവയ്ക്കുന്നതെന്നുമാണ് പൃഥ്വിരാജ് കുറിച്ചത്.

സിനിമ റിലീസിന് മുന്നോടിയായുള്ള ഷോകൾ സംബന്ധിച്ച നടപടി ക്രമങ്ങളിലാണ് സെൻസർ ബോർഡിൽ നിലക്ക് വീണിരിക്കുന്നതെന്ന് പിന്നീട് മുരളി ഗോപിയാണ് വ്യക്തമാക്കിയത്.

ഇതോടെ സിനിമയുടെ റിലീസിനായി ദിവസങ്ങളെണ്ണി കാത്തിരുന്ന പ്രേക്ഷകരും അണിയറ പ്രവർത്തകരും ഒരു പോലെ നിരാശരായി. എങ്കിലും ഏഴ് ദിവസത്തിനുള്ളിൽ സിനിമ പുറത്തിറങ്ങുമെന്ന പുതിയ വിവരം എല്ലാവർക്കും ആശ്വാസമായി.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. നവാഗതനായ ജിയെൻ കൃഷ്‌ണകുമാറാണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിൽ അസ്‌ലൻ എന്ന കഥാപാത്രമായാണ് പൃഥിരാജ് എത്തുന്നത്.

റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രത്തിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചത്. പൂനെ, മുംബൈ എന്നിവിടങ്ങളായിരുന്നു മറ്റു ലൊക്കേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ