മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) തലവന്‍ രാജ് താക്കറെയ്ക്കെതിരെ ബോളിവുഡ് താരം തനുശ്രീ ദത്ത നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് നടിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തതായി പൊലീസ്. ബീഡ് ജില്ലയിലെ കയ്ജി പൊലീസാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എംഎന്‍എസ് ജില്ലാ പ്രസിഡന്റ് സുമന്ത് ദാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
‘ഐപിസി സെക്ഷന്‍ 500 പ്രകാരം അപകീര്ത്തിപ്പെടുത്തലിനാണ് തനുശ്രീ ദത്തയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കൂടാതെ പരാതിക്കാരനോട് കോടതിയെ സമീപിക്കാനും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്,’ പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു.
ബാല്‍ താക്കറെയുടെ മരണ ശേഷം രാജ് താക്കറെയ്ക്ക് ശിവസേന തലവനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ സാധിച്ചില്ലെന്നുമായിരുന്നു തനുശ്രീ ദത്ത പറഞ്ഞത്. കൂടാതെ 2008ല്‍ ഹോണ്‍ ഓക്കെ പ്ലീസ് എന്ന ചിത്രത്തില്‍ നിന്നു പിന്മാറിയപ്പോള് തനിക്കെതിരെ ആക്രമണം നടത്തിയവരില്‍ എംഎന്‍എസും ഉണ്ടായിരുന്നുവെന്ന് തനുശ്രീ പറഞ്ഞിരുന്നു.
കൂടാതെ എംഎന്‍എസില്‍ നിന്നും തനിക്ക് നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നും പാര്‍ട്ടിയിലെ രണ്ടുപേര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിരുന്നുവെന്നും തനുശ്രീ ദത്ത അടുത്തിടെ പറഞ്ഞിരുന്നു.
തനുശ്രീ ദത്ത ബിഗ് ബോസില്‍ പങ്കെടുക്കും എന്ന വാര്‍ത്ത വന്നതിനു പിന്നാലെ തനുശ്രീയെ പങ്കെടുപ്പിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ലോണാവാലയിലെ സെറ്റില്‍ അതിക്രമം നടത്തുമെന്നും എംഎന്‍എസ് യൂത്ത് വിങ് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കത്തുനല്‍കിയിരുന്നു.