വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും നീന എന്ന ലാൽ ജോസ് ചിത്രം മാത്രം മതിയാകും ദീപ്തി സതിയെന്ന അഭിനേത്രിയെ മലയാളികൾ ഓർക്കാൻ. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് ദീപ്തി. ലളിതം സുന്ദരം എന്ന ചിത്രത്തിനു ശേഷം ദീപ്തി സതി അഭിനയിച്ച രണ്ടു മലയാളം ചിത്രങ്ങൾ കൂടി തിയേറ്ററിൽ എത്തിയിരിക്കുകയാണ്, പത്തൊൻപതാം നൂറ്റാണ്ടും ഒറ്റും.
ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ ഈ രണ്ടുചിത്രങ്ങളിലെയും ദീപ്തിയുടെ സാന്നിധ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഒറ്റിൽ ഒരു ഐറ്റം ഡാൻസറായാണ് ദീപ്തി സതി പ്രത്യക്ഷപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിലും ഒരു ഡാൻസ് രംഗത്തിൽ ദീപ്തിയുണ്ട്, ഒപ്പം ചിത്രത്തിൽ ഒരു കഥാപാത്രത്തെയും ദീപ്തി അവതരിപ്പിച്ചിട്ടുണ്ട്. ‘അവിടെയും കണ്ടു, ഇവിടെയും കണ്ടു, ഈ ഡാൻസർ എന്താ കുമ്പിടിയാണോ?’ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
മുംബൈയിലാണ് ദീപ്തി ജനിച്ചുവളർന്നത്. അമ്മ മാധുരി കൊച്ചി സ്വദേശിയാണ്, അച്ഛൻ ദിവ്യേഷ് സതി നൈനിറ്റാൾ സ്വദേശിയും. ഡാൻസർ, മോഡൽ, മിസ് കേരള എന്നീ നിലകളിലും ദീപ്തി ശ്രദ്ധ നേടിയിട്ടുണ്ട്. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം ലഭിച്ച നർത്തകിയാണ് ദീപ്തി സതി.
നീന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദീപ്തി മലയാളത്തിനു പുറമെ മറാത്തി, കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനകം അഭിനയിച്ചുകഴിഞ്ഞു. ഡ്രൈവിംഗ് ലൈസൻസ്, പുള്ളിക്കാരൻ സ്റ്റാറാ, സോളോ എന്നിവയാണ് ദീപ്തിയുടെ പ്രധാന ചിത്രങ്ങൾ. അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രത്തിലും ദീപ്തിയുണ്ട്. ഗോൾഡിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദീപ്തി.