ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി ചിത്രം “പദ്മാവത്’ വെള്ളിത്തിരയിൽ വിജയഗാഥ തുടരവെ വിമർശനവുമായി എത്തിയ നടി സ്വര ഭാസ്കറിന് മറുപടിയുമായി ദീപിക പദുകോണ്‍ രംഗത്ത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ കുറിച്ചായിരുന്നു സ്വര വിമര്‍ശനം ഉന്നയിച്ചത്. അവസാന ഭാഗത്ത് നായികയായ പദ്മാവതിയും (ദീപിക പദുകോണ്‍) മറ്റ് സ്ത്രീകളും തീയിലേക്ക് എടുത്ത് ചാടാന്‍ തയ്യാറായ രംഗത്തെയായിരുന്നു സംവിധായകനായ ബന്‍സാലിക്ക് അയച്ച കത്തില്‍ സ്വര വിമര്‍ശിച്ചത്. സതി, ജൗഹര്‍ ആചാരങ്ങളെ വാഴ്ത്തുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ് എന്നായിരുന്നു നടിയുടെ കുറ്റപ്പെടുത്തല്‍. ഇതിന് സംവിധായകന്‍ ഉത്തരം പറയണമെന്നും സ്വര ആവശ്യപ്പെട്ടിരുന്നു.

ഇതിന് കൃത്യമായ മറുപടിയുമായാണ് ചിത്രത്തിലെ നായിക രംഗത്തെത്തിയത്. ചിത്രത്തിന്റെ തുടക്കം കാണിച്ച അറിയിപ്പ് നടി കണ്ടുകാണില്ല എന്നായിരുന്നു ദീപിക പറഞ്ഞത്. ‘നിങ്ങള്‍ പോപ്കോണ്‍ വാങ്ങാന്‍ പുറത്തു പോയപ്പോള്‍ ചിത്രത്തിന്റെ തുടക്കം കാണിച്ച അറിയിപ്പ് കണ്ടു കാണില്ല’, എന്നായിരുന്നു ദീപിക ബോംബെ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

സതി പോലെയുളള ആചാരങ്ങള്‍ നിലനിന്നിരുന്ന 12, 13 നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിച്ചതെന്ന് മനസ്സിലാക്കണമെന്നും ദീപിക ഓര്‍മ്മിപ്പിച്ചു. പദ്മാവത് എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ താന്‍ ഒരു യോനിയോളം ചുരുങ്ങിപ്പോയപോലെ തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന പല കാര്യങ്ങളും സാമൂഹിക വിരുദ്ധമാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ സ്വര പറഞ്ഞിരുന്നു.
‘കര്‍ണിസേന ഉള്‍പ്പെടെയുള്ള പല സംഘടനകളും ആ ചിത്രത്തിനോട് എന്തിനാണ് പ്രതിഷേധിച്ചതെന്ന കാര്യം മനസ്സിലാകുന്നില്ല. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും നമ്മുടെ രാജ്യത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. അതുപോലെ ഭര്‍ത്താവോ അല്ലെങ്കില്‍ സംരക്ഷകരോ മരിച്ച സ്ത്രീകള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും സ്വര തന്റെ ലേഖനത്തില്‍ പറയുന്നു.

സതി, ജോഹര്‍ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. പക്ഷേ ദുരാചരങ്ങളെ എന്തിനാണ് ഇത്ര മഹത്വവല്‍ക്കരിക്കുന്നത്. ഇത്തരം ദുരാചാരങ്ങളിലൂടെ സ്ത്രീക്ക് തുല്യത നിഷേധിക്കപ്പെടുകയും അവളുടെ വ്യക്തിത്വം ഇല്ലാതാകുകയുമാണ് ചെയ്യുന്നത്. പദ്മാവതിന്റെ ക്ലൈമാക്സിലുള്ള കൂട്ടക്കുരുതിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്വര ലേഖനത്തില്‍ പറയുന്നു.

യോനിയെ ചുറ്റിപ്പറ്റിയുള്ളതല്ല ഒരു സ്ത്രീയുടെ ജീവതം. 13-ാം നൂറ്റാണ്ടില്‍ അത് അങ്ങനെയായിരുന്നിരിക്കാം. പക്ഷേ 21-ാം നൂറ്റാണ്ടില്‍ നമ്മള്‍ ഏറെ മുന്നോട്ടുപോകേണ്ടത് ആവശ്യമാണെന്നും സ്വര പറയുന്നു. നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ന്യായീകരണമുണ്ടാകും. എന്നിരുന്നാലും ഇതെല്ലാം സതി പോലുള്ള ദുരാചാരങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ബന്‍സാലിയോടായി സ്വര പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook