‘പത്മാവത്’ ആദ്യ പ്രദര്‍ശനത്തിന് ദീപികയും രണ്‍വീറും എത്തി. കൈകോര്‍ത്ത്‌ പിടിച്ചാണ് ഇരുവരും വന്നത്. അടുത്ത സുഹൃത്തുക്കളാണ് ‘പത്മാവത്’ സിനിമയിലെ നായികയായ ദീപിക പദുക്കോണും വില്ലനായി എത്തുന്ന രണ്‍വീര്‍ സിങ്ങും. രജപുത്ര രാജ്ഞിയായ പത്മാവതി മുഗള്‍ രാജാവായ അലാവുദ്ദീന്‍ ഖില്‍ജി എന്നിവരെയാണ് ഇവര്‍ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന സീനുകള്‍, അതും ചരിത്ര വിരുദ്ധമായവ, ചിത്രത്തില്‍ ഉണ്ട് എന്ന് കാണിച്ചാണ് കര്‍ണ്ണിസേനയുള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനെതിരെ പടവാളോങ്ങി നില്‍ക്കുന്നത്.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം റിലീസ് ആകുന്നതു വരെ രണ്‍വീറും ദീപികയും ഒരുമിച്ചു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും വിട്ടു നിന്നിരുന്നു. അവരെ ഒരുമിച്ചു കാണുന്നത് പ്രകോപനപരമാകും എന്നതിനാല്‍ ആണ് ഇങ്ങനെ പരോക്ഷമായ ഒരു വിലക്ക് ഉണ്ടായതെന്നാണ് സൂചന.

ഒടുവില്‍ ഇന്നലെ മുംബൈയില്‍ നടന്ന ‘പത്മാവത്’ ആദ്യ പ്രദര്‍ശനത്തിനാണു വളരെക്കാലത്തിനു ശേഷം രണ്ടു പേരും ഒരുമിച്ചെത്തിയത്. ഇരുവരും വളരെ സന്തോഷത്തിലായിരുന്നു. രണ്‍വീറിന്റെ ഖില്‍ജിയാണ് ചിത്രത്തിന്‍റെ ജീവന്‍ എന്നാണു ചിത്രം കണ്ടവര്‍ക്കെല്ലാം പറയാനുണ്ടായത്.

രണ്‍വീറും ദീപികയും പ്രണയത്തിലാനെന്നും ഉടന്‍ വിവാഹിതരാകും എന്നും ബോളിവുഡ് വാര്‍ത്തകള്‍ ഉണ്ട്.  ഇരുവരും ഇതുവരെ അതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ചിത്രങ്ങള്‍: ഇന്‍സ്റ്റാഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ