ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു പേരാണ് പ്രകാശ് പദുക്കോൺ. ഇന്ന് അദ്ദേഹത്തിന്റെ 65-ാം ജന്മദിനമാണ്. തന്റെ പ്രിയപ്പെട്ട പപ്പയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് അദ്ദേഹത്തിന്റെ മകളും ബോളിവുഡിന്റെ താരസുന്ദരിയുമായ ദീപിക പദുക്കോൺ.

Read More: അച്ഛന്റെ കൈകളിലിരിക്കുന്ന ഈ താരസഹോദരങ്ങളെ മനസിലായോ?

“എനിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ ഓഫ്-സ്ക്രീൻ ഹീറോയ്ക്ക്. ഒരാൾ യഥാർഥ ചാമ്പ്യനാകുന്നത് തൊഴിൽപരമായ നേട്ടങ്ങൾ കൊണ്ട് മാത്രമല്ല, ഒരു നല്ല മനുഷ്യനാകുമ്പോൾ കൂടിയാണെന്ന് കാണിച്ച് തന്നതിന് നന്ദി. 65-ാം ജന്മദിനാശംസകൾ പപ്പാ. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു,” ദീപിക കുറിച്ചു.

ലോകപ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പ്രകാശ് പദുക്കോൺ, മുൻ ലോകചാമ്പ്യനുമാണ്. കോമൺ‌വെൽത്ത് ഗെയിംസ്, തോമസ് കപ്പ്, ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് തുടങ്ങി പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1980-ൽ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

മൈസൂർ ബാഡ്മിന്റൺ അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന പിതാവ് രമേശ് പദുക്കോണാണ് പ്രകാശിനെ കളിയിലേക്ക് നയിച്ചത്. 1962 ൽ കർണാടക സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പായിരുന്നു പദുക്കോണിന്റെ ആദ്യ ടൂർണമെന്റ്. ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടെങ്കിലും രണ്ട് വർഷത്തിന് ശേഷം സംസ്ഥാന ജൂനിയർ കിരീടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1971 ൽ തന്റെ കളിക്കുന്ന രീതി കൂടുതൽ ആക്രമണ ശൈലിയിലേക്ക് മാറ്റി, 1972 ൽ ഇന്ത്യൻ ദേശീയ ജൂനിയർ കിരീടം നേടി. അതേ വർഷം തന്നെ സീനിയർ കിരീടവും നേടി.

അടുത്ത ഏഴു വർഷത്തേക്ക് തുടർച്ചയായി ദേശീയ കിരീടം നേടി. 1978 ൽ കാനഡയിലെ എഡ്‌മോണ്ടണിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾസിൽ സ്വർണ്ണ മെഡൽ നേടി. 1979 ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടന്ന “ഈവനിംഗ് ഓഫ് ചാമ്പ്യൻസ്” നേടി.

1980 ൽ ഡാനിഷ് ഓപ്പൺ, സ്വീഡിഷ് ഓപ്പൺ നേടിയ അദ്ദേഹം ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. തന്റെ രാജ്യാന്തര കരിയർ പരിശീലനത്തിന്റെ ഭൂരിഭാഗവും ഡെൻമാർക്കിൽ ചെലവഴിച്ച പ്രകാശ് പദുക്കോൺ മോർട്ടൻ ഫ്രോസ്റ്റിനെപ്പോലുള്ള യൂറോപ്യൻ കളിക്കാരുമായി അടുത്ത സുഹൃദ്‌ബന്ധം വളർത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook