രൺവീർ സിങ്ങും ദീപിക പദുക്കോണും തമ്മിലുളള വിവാാഹ വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. ഓരോ തവണ വാർത്തകൾ വരുമ്പോഴും ഇരുവരും വിവാഹ കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 2018ൽ സ്വിറ്റ്സർലൻഡിൽ വച്ച് ദീപികയും രൺവീറും വിവാഹിതരാകുമെന്നായിരുന്നു ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ ആരാധകർ പ്രതീക്ഷിച്ചതുപോലെ ഇരുവരും ഉടൻ വിവാഹിതരാവില്ല. താരവിവാഹത്തിനായി ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.

ഡെക്കാൺ ക്രോണിക്കിൾ ആണ് ദീപിക-രൺവീർ വിവാഹം വൈകുന്നതിന്റെ പിന്നിലെ കാരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വിവാഹത്തിന് രൺവീർ തയ്യാറാണെങ്കിലും ദീപികയാണ് ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലുളളതെന്നാണ് റിപ്പോർട്ട്.

”ദീപികയുമായുളള ബന്ധത്തിൽ രൺവീർ അതീവ സന്തുഷ്‌ടനാണ്. ദീപികയെ രൺവീർ അത്രയധികം സ്‌നേഹിക്കുന്നുണ്ട്. ദീപികയ്‌ക്കായി എന്തിനും രൺവീർ തയ്യാറാണ്. പക്ഷേ ദീപികയ്‌ക്ക് ഇപ്പോഴും ഒരു ബന്ധത്തിൽ മുഴുവനായും മനസ് സമർപ്പിക്കാനായിട്ടില്ല. തന്റെ ഹൃദയം ഇനിയും തകരുമോയെന്ന് ദീപിക ഭയപ്പെടുന്നുണ്ട്. ഇത്തവണ അങ്ങനെ സംഭവിച്ചാൽ ദീപികയ്‌ക്ക് അത് താങ്ങാനാവില്ല”, ദീപികയുടെ സുഹൃത്തായ സംവിധായകൻ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.

രൺബീർ കപൂറുമായി ദീപിക പ്രണയത്തിലായിരുന്നത് ഏവർക്കും സുപരിചിതമായ കാര്യമാണ്. രൺബീറുമായുളള വേർപിരിയൽ ദീപികയെ ഒട്ടേറെ ബാധിച്ചിരുന്നു. വളരെ കഷ്‌ടപ്പെട്ടാണ് ദീപിക അതിൽനിന്നും പുറത്തുവന്നത്. രൺബീർ പൂർണമായും ദീപികയുമായുളള ബന്ധത്തിൽനിന്നും അകന്നു കഴിഞ്ഞു. രൺബീറുമായുളള പ്രണയത്തകർച്ചയ്‌ക്കുശേഷം ഇനിയൊരു ബന്ധത്തിൽ പൂർണായും കമ്മിറ്റ് ആകാൻ ദീപിക ഭയപ്പെടുന്നുണ്ട്.

”രൺബീറുമായുളള ഒരു ജീവിതമാണ് ദീപിക ആഗ്രഹിച്ചത്. രൺബീറിനെ വിവാഹം ചെയ്യാനും താരത്തിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാനും ദീപിക ആഗ്രഹിച്ചിരുന്നു. മിസിസ് രൺബീർ കപൂർ ആവുന്നതിന് തന്റെ കരിയർ പോലും വിടാൻ ദീപിക തയ്യാറായിരുന്നു. പക്ഷേ അവർ വേർപിരിഞ്ഞു. രൺബീർ ആ ബന്ധം ഉപേക്ഷിച്ചു പോയി”, ദീപികയുടെ സുഹൃത്ത് പറഞ്ഞു.

ഇതോടെ ആരാധകർക്ക് ഒരു കാര്യം വ്യക്തമായിരിക്കുകയാണ്. ദീപികയും രൺവീറും ഔദ്യോഗികമായി വിവാഹ കാര്യം സ്ഥിരീകരിക്കുമ്പോൾ മാത്രമേ താരവിവാഹത്തിനായി ഒരുങ്ങേണ്ടതുളളൂ. മറിച്ച് ഏതെങ്കിലും വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം വിശ്വസിക്കേണ്ടതില്ല.

ഗല്ലി ബോയ് എന്ന സിനിമയിലാണ് രൺവീർ സിങ് ഇപ്പോൾ അഭിനയിക്കുന്നത്. രോഹിത് ഷെട്ടിയുടെ സിമ്പ, കബീർ ഖാന്റെ 83 എന്ന സിനിമയിലും രൺവീർ കരാർ ഒപ്പിട്ടുണ്ട്. അതേസമയം, ദീപിക ഇതുവരെ തന്റെ പുതിയ പ്രോജക്‌ട് പ്രഖ്യാപിച്ചിട്ടില്ല. പത്മാവത് ആയിരുന്നു ദീപികയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook