‘പദ്മാവതി’യ്ക്ക് രക്ഷ തേടി ദീപിക പദുകോണ്‍ തിരുപതിയില്‍. ഹിന്ദു ദൈവ സങ്കല്പത്തില്‍ മഹാവിഷ്ണുവായി കരുതുപ്പെടുന്ന വെങ്കിടേശന്‍റെ പത്നിയാണ് ലക്ഷ്മി ദേവിയുടെ അവതാരമായ പദ്മാവതി. അലമേലുമങ്ക എന്ന പേരിലും അറിയപ്പെടുന്ന പദ്മാവതിയ്ക്ക് തിരുപതിയില്‍ നിന്നും അകലെയല്ലാതെ തിരുമല ദേവസ്ഥാനത്തിന്‍റെ തന്നെ അമ്പലവുമുണ്ട്.

വിവാദങ്ങളുടെ ചുഴിയില്‍ പെട്ട് കിടക്കുകയാണ് സഞ്ജയ്‌ ലീലാ ഭന്‍സാലി സംവിധാനം ചെയ്ത് ദീപിക പദുകോണ്‍ നായികയായ ‘പദ്മാവതി’ എന്ന ചിത്രം. ചിറ്റോര്‍ രാജ്ഞി റാണി പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പദ്മാവതിയുടെ ഭര്‍ത്താവും ചിറ്റോര്‍ രാജാവുമായ രത്തന്‍ സിംഗ്, ദില്ലി സുല്‍ത്താനത് ഭരിച്ച ഖില്‍ജി ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.

കൂടുതല്‍ വായിക്കാം: പദ്മാവതിയെ പ്രണയിച്ച ഖില്‍ജി: കഥയും ചരിത്രവും

അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍, ചരിത്ര വിരുദ്ധമായി ഉള്‍കൊള്ളിച്ചു എന്നതാണ് എല്ലാ വിവാദങ്ങള്‍ക്കും അടിസ്ഥാനം. അങ്ങനെയൊരു രംഗം ചിത്രത്തില്‍ ഇല്ല എന്ന് സംവിധായകന്‍ പറഞ്ഞിട്ടും ‘പദ്മാവതി’യോടുള്ള പ്രതിരോധങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിലായി മേവാര്‍ രാജ കുടുംബം പ്രധാന മന്ത്രിയോടും സെന്‍സര്‍ ബോര്‍ഡിനോടും കത്ത് മുഖേന ആവശ്യപെട്ടിരിക്കുകയാണ്, ‘പദ്മാവതിയുടെ’ റിലീസ് തടഞ്ഞു വയ്ക്കാന്‍. ഡിസംബര്‍ 1 ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്ന് കരുതപ്പെടുന്നു.

കൂടുതല്‍ വായിക്കാം: ദീപികയുടെ സൗന്ദര്യത്തെ കടത്തിവെട്ടി റണ്‍വീറിന്‍റെ പൗരുഷം

‘പദ്മാവതി’ യുടെ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ദീപിക പദുകോണ്‍ കഴിഞ്ഞ ദിവസം തിരുപതിയിലെത്തിയത്. കുടുംബത്തോടോപ്പമാണ് ദീപിക തിരുമലയില്‍ എത്തിയത്. അച്ഛന്‍ പ്രകാശ്‌ പദുകോണ്‍, അമ്മ ഉജ്ജല പദുകോണ്‍, അനിയത്തി അനിഷ പദുകോണ്‍ എന്നിവര്‍ക്കൊപ്പം ദീപികയുടെ സുഹൃത്തും ബോളിവുഡ് സംവിധായികയുമായ ഫാറാ ഖാനും തിരുപ്പതിയില്‍ എത്തിയിരുന്നു.

ഫാറാ ഖാന്‍ സംവിധാനം ചെയ്ത ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡില്‍ എത്തിയത്. ഷാരൂഖ് ഖാന്‍ നായകനായ ‘ഓം ശാന്തി ഓ’മിന്‍റെ പത്താമത്തെ വാര്‍ഷികം കഴിഞ്ഞ ദിവസം ദീപിക തന്‍റെ വീട്ടില്‍ ആഘോഷിച്ചിരുന്നു.

ദീപികയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും പദ്മാവതി എന്ന് കരുതപ്പെടുന്നു.  വേഷ ഭൂഷാദികള്‍ക്കും മേക്കപ്പിനുമെല്ലാം പ്രധാന്യമുണ്ടെങ്കിലും പദ്മമാവതിയുടെ സൗന്ദര്യം രൂപത്തിലല്ല, ആത്മാവിലാണെന്നാണ് ദീപിക പറുയന്നത്. സ്ത്രീകളുടെ സൗന്ദര്യം എത്തരത്തിലാകണമെന്ന് ഒരു പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും അതിനെ ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

padmavati, deepika padukone

നിരവധി പുസ്തകങ്ങളിലും ലേഖനങ്ങളിലും താന്‍ വായിച്ചിട്ടുണ്ട് എങ്ങനെയാണ് സ്ത്രീ സൗന്ദര്യത്തിന്‍റെ നിര്‍വചനം മാറിയതെന്ന്. അതിനാല്‍ തന്നെ പദ്മാവതിയില്‍ തങ്ങളെടുത്ത ഈ ‘റിസ്‌ക്’ തന്നെ സന്തോഷപ്പെടുത്തുന്നുണ്ടെന്നും ദീപിക വെളിപ്പെടുത്തി . അത്രയും നാള്‍ പ്രേക്ഷകര്‍ കണ്ടുശീലിച്ച സൗന്ദര്യ സങ്കല്‍പ്പങ്ങളിൽ നിന്നും ചില മാറ്റങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പത്മാവതിയുടെ സൗന്ദര്യം ശരീരത്തിനുമപ്പുറമാണ്. അവരൊരു ധീരയായ സ്ത്രീയാണ്. അവരുടെ ആത്മാവാണ്, ജനങ്ങള്‍ക്ക് അവരോടുണ്ടായിരുന്ന സ്‌നേഹമാണ് അവരുടെ സൗന്ദര്യം’

അലാവുദീന്‍ ഖില്‍ജി ചിറ്റോര്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ചിതയില്‍ ചാടി മരിക്കുകയാണ് റാണി പദ്മാവതിയും മറ്റനേകം സ്ത്രീകളും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ