ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന ‘ചപ്പാക്കി’ന്റെ തിരക്കുകളിലാണ് ദീപിക പദുകോണ്‍ ഇപ്പോള്‍. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ദീപികയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ആസിഡ് അറ്റാക്ക് ഇര ലക്ഷ്മിയുമായി അത്രമേല്‍ രൂപസാദൃശ്യമാണ് ദീപികയ്ക്ക് വന്നിരിക്കുന്നത്. ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കഥാപാത്രമായി മാറാനുള്ള ഹോംവര്‍ക്കിലാണ് താനെന്നും ഏറെ ആസ്വദിച്ച് താന്‍ ചെയ്യുന്ന ഒരേ ഒരു ഹോം വര്‍ക്ക് ഇതാണെന്നുമാണ് ദീപിക പറയുന്നത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

Read More: ലക്ഷ്യം ‘ചപ്പാക്ക്’ മാത്രം; പുതിയ ചിത്രത്തിനായി ഹോം വർക്ക് ചെയ്ത് ദീപിക

യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിനു വേണ്ടി ഏറെ തയ്യാറെടുപ്പുകളാണ് ദീപിക നടത്തി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിലീസായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്മി അഗര്‍വാളിനോട് ഏറെ സാദൃശ്യമുള്ള ലുക്കാണ് ചിത്രത്തില്‍ ദീപികയുടേത്. അഭിനയത്തിനൊപ്പം തന്നെ ദീപിക നിര്‍മ്മാതാവു കൂടിയാവുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ദീപിക പദുകോണിന്റെ നിര്‍മ്മാണകമ്പനിയായ കെഎ എന്റര്‍ടെയിന്‍മെന്റിന്റെ ആദ്യ നിര്‍മ്മാണസംരംഭം കൂടിയാണ് ഈ ചിത്രം. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണകമ്പനിയും സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി ‘റാസി’ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്. ‘ചപ്പാക്കി’ന്റെ ചിത്രീകരണം മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ ആരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook