ബാഹുബലി എന്ന ചിത്രത്തിലൂടെ സിനിമ പ്രേമികളുടെ മനസ് കവർന്ന, ഇന്ത്യൻ സിനിമയിലെ ‘ദി മോസ്റ്റ് എലിജിബിൾ ബാച്ച്ലർ’ എന്നറിയപ്പെടുന്ന തെലുങ്ക് നടൻ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോൺ എത്തുന്നു.

മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാതാവ് അശ്വിനി ദത്താണ്. 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് നിലവിലെ റിപ്പോർട്ട്.

പ്രഭാസിന്റെ 21ാമത്തെ ചിത്രമാണിത്. ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിൽ ദീപിക എത്തുന്ന വിവരം അറിയിച്ചുകൊണ്ട് വൈജയന്തി ക്രിയേഷൻസ് പുറത്തിറക്കിയ വീഡിയോയിൽ “കഴിഞ്ഞ കുറേ വർഷങ്ങളായി വലിയ പ്രതിഭയുള്ള നിരവധി അഭിനേത്രികൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു. ഇപ്പോൾ അഭിമാനത്തോടെ ദീപിക പദുക്കോണിനെ ഞങ്ങളുടെ 50 വർഷത്തെ യാത്രയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു,” എന്ന് കുറിക്കുന്നു.

ചിത്രത്തെ കുറിച്ച് സംവിധായകൻ നാഗ് അശ്വിനും ട്വീറ്റ് ചെയ്തു.

“ദീപിക ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാണാൻ എനിക്ക് വളരെയധികം ആകാംക്ഷയുണ്ട്. ഇത് മുഖ്യധാരാ താരങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യമാണ്, ഇത് എല്ലാവരേയും അത്ഭുതപ്പെടുത്തും. ദീപിക-പ്രഭാസ് ജോഡികൾ തന്നെയായിരിക്കും സിനിമയുടെ പ്രധാന ഹൈലൈറ്റും കഥയും, വരും വർഷങ്ങളിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു സിനിമ സമ്മാനിക്കാനാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

Red More: ഒമർ ലുലുവിന് വേണ്ടി ഇടിക്കാൻ ഹോളിവുഡിൽ നിന്നും ‘പവർ സ്റ്റാർ’ എത്തും

തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 300 കോടിയിലധികമായിരിക്കും ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2006ൽ പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ദീപിക പദുക്കോൺ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് സൗന്ദര്യ ആർ അശ്വിൻ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ കോച്ചടൈയാൻ എന്ന രജനികാന്ത് ചിത്രത്തിലും ദീപിക അഭിനയിച്ചു. ഇന്ത്യയിലെ ആദ്യ ഫോട്ടോറിയലിസ്റ്റിക് ചലച്ചിത്രം കൂടിയായിരുന്നു ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook