ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ.റോയ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറിയതായി റിപ്പോർട്ടുകൾ. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന പത്മാവതിയുടെയും ഷാരൂഖ് ചിത്രത്തിന്റെയും ഷൂട്ടിങ് തീയതി അടുത്തടുത്ത് വന്നതാണ് ദീപിക ഈ ചിത്രത്തിൽ നിന്ന് പിൻമാറാൻ കാരണമെന്ന് ദീപികയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖ് ചിത്രം ചെയ്യണമെന്ന് ദീപിക ആഗ്രഹിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ സഞ്ജയ് ലീല ബൻസാലി ചിത്രമായ പത്മാവതിയുടെ ഡേറ്റും ഇതും തമ്മിൽ ക്ളാഷ് വന്നു. സഞ്ജയ് ലീല ബൻസാലിയുടെ ചരിത്ര പ്രാധാന്യമുളള ചിത്രം നേരത്തെ സമ്മതം മൂളിയതിനാൽ ആനന്ദ് റായ് ചിത്രം ചെയ്യുന്നില്ലയെന്ന് ദീപികയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്.

സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ പത്മാവതി എന്ന ടൈറ്റിൽ റോളിലാണ് ദീപികയെത്തുന്നത്. കാമുകനായ രൺവീർ സിങ്ങാണ് ചിത്രത്തിലെ നായകൻ.

ഷാരൂഖ് നായകനായെത്തിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം. ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് വെളളിത്തിരയിലെത്തി പ്രേക്ഷകമനം കവർന്നിരുന്നു. അതിന് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് ആരാധകർ ആനന്ദ് റായ് ചിത്രത്തിനായി കാത്തിരുന്നിരുന്നത്. എന്നാൽ ഇവരെ നിരാശക്കരാക്കുന്നതാണ് ചിത്രത്തിൽ നിന്ന് ദീപികയുടെ പിന്മാറ്റം.

ഷാരൂഖ് നായകനായെത്തുന്ന ആനന്ദ് റായ് ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ഇതു വരെ കാണാത്ത വേഷത്തിലാണ് ഷാരൂഖ് ഈ ചിത്രത്തിലെത്തുന്നതെന്നാണ് ബോളിവുഡിൽ നിന്നുളള ​വാർത്ത. സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ദീപികയുടെ പിന്മാറ്റം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ