2007ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായിട്ടായിരുന്നു ദീപികയുടെ അരങ്ങേറ്റം. ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഒന്നാണ് ‘ഓം ശാന്തി ഓം’. പിന്നീട് ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷാരൂഖ്- ദീപിക ജോഡികൾ ഒന്നിച്ചെത്തി. ഇപ്പോഴിതാ, ഷാരൂഖിനൊപ്പം പത്താനിൽ വീണ്ടും ഒരുമിക്കുകയാണ് ദീപിക. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘പത്താൻ’ ജനുവരി 25ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ഷാരൂഖിനെ കുറിച്ച് ദീപിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘എന്റെ പ്രിയപ്പെട്ട സഹനടൻ’ എന്നാണ് ഷാരൂഖിനെ ദീപിക വിശേഷിപ്പിക്കുന്നത്. ഷാരൂഖുമായി മനോഹരമായൊരു ബന്ധം താൻ പങ്കിടുന്നുവെന്നും ദീപിക പറയുന്നു. “ഓം ശാന്തി ഓം മുതലിങ്ങോട്ട് ചില അവിശ്വസനീയമായ സിനിമകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഷാരൂഖിന്റെയും എന്റെയും വലിയ ഭാഗ്യമാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹനടനുമായി ഞാൻ വീണ്ടും സഹകരിക്കുന്നു. ഞങ്ങൾക്കിടയിൽ മനോഹരമായ ഒരു ബന്ധമാണുള്ളത്, ഞങ്ങൾ ചെയ്യുന്ന സിനിമകളിലും പ്രേക്ഷകർ എപ്പോഴും അത് കാണുമെന്ന് ഞാൻ കരുതുന്നു,” ദീപിക പറഞ്ഞു.
തങ്ങൾക്കിടയിലെ കെമിസ്ട്രിയെ കുറിച്ചും ദീപിക സംസാരിച്ചു. ” അതിന് ഞങ്ങൾക്കു രണ്ടുപേർക്കും ക്രെഡിറ്റ് എടുക്കാം. ഈ ചിത്രത്തിനായി അദ്ദേഹം തീവ്രമായ ഡയറ്റിലും വ്യായാമത്തിലുമായിരുന്നു. ഞങ്ങൾ വ്യക്തിഗതമായി ചെയ്ത ജോലിയുടെ ക്രെഡിറ്റ് ഞങ്ങൾക്ക് പ്രത്യേകം ഏറ്റെടുക്കാമെങ്കിലും എല്ലാറ്റിനുമുപരി ഞങ്ങളൊരു ടീമാണ്. സംവിധായകന്റെ (സിദ്ധാർത്ഥ് ആനന്ദ്) കാഴ്ചപ്പാട്, ഛായാഗ്രാഹകൻ (സച്ചിത് പൗലോസ്) ഞങ്ങളെ പകർത്തിയ രീതി, സ്റ്റൈലിസ്റ്റ് (ശാലീന നാഥാനി) ഞങ്ങളുടെ കഥാപാത്രങ്ങളെ എങ്ങനെ വിഭാവനം ചെയ്യുന്നു എന്നത്… അതിനാൽ ഞങ്ങളുടെ മുഴുവൻ ടീമും ഈ പ്രോസസിൽ ഒത്തുചേരുന്നു. അതിനാൽ തന്നെ നിങ്ങൾക്കും നിങ്ങളുടെ ജോലിയിൽ മുഴുകാനും നിങ്ങളാൽ കഴിയുന്ന ഏറ്റവും മികച്ചത് ചെയ്യാനും കഴിയുമെന്ന് ഉറപ്പാണ്,” ദീപിക കൂട്ടിച്ചേർത്തു.
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ എന്നിവർക്കൊപ്പം ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആദിത്യ ചോപ്രയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.