ദീപിക പദുക്കോണിന്റെ കരിയറിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ചിത്രമായിരിക്കും പത്മാവത്. ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമ കണ്ടശേഷം ബോളിവുഡ് താരങ്ങളടക്കം നിരവധി പേരാണ് ദീപികയെ അഭിനന്ദിച്ചത്. ചിലർ ദീപികയ്ക്ക് സമ്മാനങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ദീപികയുടെ മുൻ കാമുകൻ രൺവീർ കപൂറിന്റെ മാതാപിതാക്കളായ റിഷി കപൂറും നീതു സിങ്ങും പൂക്കളാണ് സമ്മാനമായി ദീപികയ്ക്ക് അയച്ചത്. ഒപ്പം പത്മാവത് സിനിമയിലെ ദീപികയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് ഒരു കുറിപ്പും ഉണ്ടായിരുന്നു.

ദീപികയ്ക്ക് മറ്റൊരു ബോളിവുഡ് താരവും ഒരു സമ്മാനം അയച്ചിരിക്കുകയാണ്. ഒരു ഗോൾഡൻ സാരിയാണ് ദീപികയ്ക്ക് സമ്മാനമായി എത്തിയത്. സമ്മാനത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദീപിക അത് അയച്ചത് ആരാണെന്ന് ആരാധകർക്ക് പറയാൻ സാധിക്കുമോയെന്ന് ചോദിക്കുകയും ചെയ്തു. ദീപികയുടെ വെല്ലുവിളി ഏറ്റെടുത്ത ആരാധകർ സമ്മാനം അയച്ച ബോളിവുഡ് താരത്തെ കണ്ടെത്തുകയും ചെയ്തു.

ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്നിരുന്ന രേഖയാണ് ദീപികയ്ക്ക് സമ്മാനം അയച്ചതെന്നാണ് ആരാധകർ കണ്ടെത്തിയത്. സാരിയോട് നടി രേഖയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പൊതുവേദികളിൽ രേഖയെ സാരിയിൽ മാത്രമേ ആരാധകർ കാണാറുളളൂ. ഇതാണ് ദീപികയ്ക്ക് സമ്മാനമായി സാരി നൽകിയത് രേഖ മാത്രമായിരിക്കുമെന്ന് ആരാധകർ ഉറപ്പിച്ചത്.

ആരാധകരുടെ കണ്ടെത്തൽ ശരിയായിരുന്നു. ദീപികയ്ക്ക് സമ്മാനമായി സാരി അയച്ചു കൊടുത്തത് രേഖയാണെന്ന് ദീപികയോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തി. സാരിക്കൊപ്പം രേഖ എഴുതിയ ഒരു കത്തും ഉണ്ടായിരുന്നു. പത്മാവത് സിനിമയിലെ ദീപികയുടെ അഭിനയത്തെക്കുറിച്ചുളളതായിരുന്നു കത്തെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

രേഖ സമ്മാനമായി നൽകിയ ഈ സാരിയാണ് ദീപിക തന്റെ ബാല്യകാല സുഹൃത്തിന്റെ വിവാഹത്തിന് എത്തിയപ്പോൾ ധരിച്ചിരുന്നത്. പത്മാവത് സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഈ സാരിയാണ് ദീപിക ഉടുത്തിരുന്നതെന്നാണ് വിവരം.

രേഖയിൽനിന്നും ദീപികയ്ക്ക് ഇതിനു മുൻപും സമ്മാനം ലഭിച്ചിട്ടുണ്ട്. ബാജിറാവോ മസ്താനി സിനിമ കണ്ട രേഖ അന്നൊരു സിൽക്ക് സാരിയാണ് സമ്മാനമായി ദീപികയ്ക്ക് അയച്ചുകൊടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ