ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക പദുകോൺ- രൺവീർ സിങ് താരവിവാഹത്തിന് ഇനി കഷ്ടിച്ച് പത്തു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വിവാഹ മാമാങ്കത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും. കല്യാണ ഒരുക്കങ്ങളുമായി ഓടിനടക്കുകയാണ് ദീപികയും രൺവീറുമെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ.

വിവാഹവുമായി ബന്ധപ്പെട്ട അവസാനഘട്ട ഷോപ്പിംഗ് തിരക്കുകളിലാണ് ദീപിക. കഴിഞ്ഞ ദിവസം താലിമാല (മംഗൽസൂത്ര) വാങ്ങിക്കാനായി മുംബൈയിലെ ഒരു ജ്വല്ലറിയിൽ ദീപികയെത്തിയതായി ഫിലിം ഫെയർ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. വരൻ രൺവീർ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വർണ്ണ മാലയും ദീപിക വാങ്ങി. അതേസമയം, 20 ലക്ഷം രൂപയാണ് ദീപികയുടെ താലിമാലയുടെ വില. വരാൻ പോകുന്നത് ഒരു ഗ്രാൻഡ് വെഡ്ഡിങ് തന്നെയാണെന്ന സൂചനയാണ് ഈ റിപ്പോർട്ടുകളെല്ലാം നൽകുന്നത്.

Read more: ദീപിക- രൺവീർ വിവാഹം; കല്യാണമേളം തുടങ്ങി

കഴിഞ്ഞ ദിവസങ്ങളിലായി ദീപികയുടെ ബാംഗ്ലൂരിലെ വീട്ടിൽ വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി നന്തി പൂജ നടന്നിരുന്നു. രൺവീറിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ് ബാൽക്കണിയിൽ നിൽക്കുകയാണ് ചിത്രങ്ങളിൽ രൺവീർ.

നവംബർ 14, 15 ദിവസങ്ങളിലാണ് ദീപ്‌വീർ വിവാഹം. സിന്ധി – കൊങ്കിണി ആചാരങ്ങൾ പ്രകാരമുള്ള വിവാഹം നവംബർ 14നാണ്. പരമ്പരാഗതമായ വിവാഹാഘോഷങ്ങൾ കഴിഞ്ഞാൽ അന്നു തന്നെ താരങ്ങൾ ഇറ്റലിയിലേക്ക് പറക്കും. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ നവംബർ 15 നാണ് ഔദ്യോഗിക വിവാഹ ചടങ്ങുകൾ നടക്കുക എന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. ബാംഗ്ലൂരിലും മുംബൈയിലുമായി പ്രൗഢഗംഭീരമായ രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook