ബോളിവുഡും ആരാധകരും ഒരുപക്ഷെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് ദീപിക-രണ്‍വീര്‍ സിങ് വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ തന്നെ ആയിരിക്കും. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ഇരുവരും ജീവിതത്തിലൊരുമിക്കാന്‍ പോകുന്നവെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 19ന് മുംബൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നു. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണം ഉണ്ടായിരിക്കുകയുള്ളു.

ദീപിക വിവാഹ ഷോപ്പിങ്ങുമായി തിരക്കിലാണെന്നാണ് അഭ്യൂഹങ്ങള്‍. ദീപികയുടെ മാതാപിതാക്കള്‍ വിവാഹ തീരുമാനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കുമായി മുംബൈയില്‍ നിന്നും ബെംഗളൂരു വന്നു പോയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് രണ്‍വീറിന്റേയോ ദീപികയുടേയോ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായാണ് ദീപിക തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. രണ്‍വീറാകട്ടെ ബന്ദ് ബജാ ബറാതില്‍ അനുഷ്‌കയ്ക്കൊപ്പവും. ഇരുവര്‍ക്കും വിജയത്തിന്റെ സ്വന്തമായ കരിയര്‍ ഗ്രാഫ് തന്നെയാണ് ഉള്ളത്. പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീലയില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. അവിടെ തുടങ്ങിയ യാത്ര ഇപ്പോള്‍ ബന്‍സാലിയുടെ തന്നെ ‘പത്മാവത്’ എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു.

രാം ലീല മുതലാണ് ഇരുവരേയും പാര്‍ട്ടികളിലും പൊതുപരിപാടികളിലും മറ്റ് ആഘോഷങ്ങളിലും ഒരുമിച്ച് കണ്ടു തുടങ്ങിയത്. ബി ടൗണില്‍ ഇരുവരും സംസാരവിഷയമായതും അവിടംതൊട്ടു തന്നെ. പ്രണയത്തിലാണെന്ന വാര്‍ത്ത രണ്ടുപേരും നിരസിക്കാതിരുന്നത് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ