ലോകത്തിലെ ഫാഷൻ നഗരിയായ മിലാനിൽ, ബോളിവുഡ് സൂപ്പർ താരങ്ങളായ രൻവീർ സിംഗും ദീപിക പദുക്കോണും വിവാഹിതരാകുകയാണ്. ‘ഈ നൂറ്റാണ്ടിലെ വിവാഹ മാമാങ്കം’ എന്ന വിശേഷണം നൽകി, പ്രിയ താരങ്ങളുടെ വിവാഹത്തിന്റെ ഓരോ ഘട്ടങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത വിവാഹ ഒരുക്കങ്ങൾക്കും ആഘോഷങ്ങൾക്കും ലഭിച്ച വൻ സ്വീകാര്യതയും മാധ്യമ ശ്രദ്ധയും ഇന്ന് (നവംബർ 14) ന് നടക്കുന്ന വിവാഹത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്.

 

നോർത്ത് ഇറ്റലിയിലെ, FAI പദവി ലഭിച്ച (Fondo dei Ambiente Italiano) സംരക്ഷിക്കപ്പെടേണ്ട ഇറ്റാലിയൻ ചരിത്ര സ്മരകങ്ങളിൽ ഒന്നായ ‘വില്ല ബൽബിനിയെല്ലോ’ എന്ന വേനൽക്കാല വസതിയിൽ വെച്ചാണ് വിവാഹ കർമ്മങ്ങൾ നടക്കുന്നത്. മിലാന്റെ ഹൃദയഭാഗമായ കോമോ തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ വേനൽക്കാല വസതി നിർമ്മിതമായത് പതിനെട്ടാം നൂറ്റാണ്ടിലാണ്. പ്രൗഢ സുന്ദരമായ അകത്തളങ്ങളും വിശാലമായ പൂന്തോട്ടവും തടാകത്തിലേക്ക് തുറക്കുന്ന വാതായനങ്ങളുമുള്ള ഈ വസതി, ലോക പ്രശസ്തമായ അനവധി ചലച്ചിത്രങ്ങൾക്കും വേദിയായിട്ടുണ്ട്.

ലോകത്തിലെ പല പ്രമുഖ നേതാക്കളും അഭിനേതാക്കളും മോഡൽസും വേനൽക്കാലം ആസ്വദിക്കാനായി തിരഞ്ഞെടുക്കുന്ന, ഏറ്റവും മനോഹരമായ VIP വേനൽക്കാല കേന്ദ്രം എന്ന ഖ്യാതി കോമോ തടകക്കരയ്ക്ക് സ്വന്തമാണ്. ഇതിനോടകം, ഇന്ത്യയിലെ വ്യവസായ-ചലച്ചിത്ര-കായിക മേഖലയിലെ പല പ്രമുഖരുടെയും വിവാഹങ്ങൾക്ക് വേദിയായ ഇടമാണ് കോമോ തടാകത്തിന്റെ പരിസരങ്ങളിലുള്ള കൊട്ടാര സദൃശ്യമായ വില്ലകൾ. വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ മകൾ ഇഷയും ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പിരാമൽ ഗ്രൂപ്പ് തലവനായ ആനന്ദ് പിരാമലുമായുള്ള വിവാഹവാഗ്ദാന ചടങ്ങുകൾ നടന്നതും കോമോ തടകക്കരയിലുള്ള വില്ല ഓൽമോ (Villa Olmo) യിൽ വെച്ചാണ്. പല രാജ്യങ്ങളിലെ വാണിജ്യ – രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സമ്മേളിച്ച, ഏറെ വാർത്താ പ്രാധാന്യം നേടിയതുമായ ഈ ചടങ്ങിന് കോമോ തടാകം സാക്ഷ്യം വഹിച്ചത് ആഴ്ചകൾക്ക് മുൻപാണ്. ഡിസംബറിൽ, ഇന്ത്യയിൽ വെച്ചാണ്‌ ആ വിവാഹം നടക്കുന്നത്.

 

ലോകപ്രശസ്ത വ്യക്തികളുടെ വിവാഹങ്ങൾക്കോ ആഘോഷങ്ങൾക്കോ വേദിയാകുന്നത് കോമോയിലെ മുനിസിപ്പാലിറ്റികൾക്ക് വലിയൊരു വരുമാന സ്രോതസ്സാണ്. മകളുടെ വിവാഹ വാഗ്ദാന ചടങ്ങുകൾക്കായി, മുകേഷ് അംബാനി ഒരാഴ്ചത്തേക്ക് വാടകയ്ക്കെടുത്ത വില്ല ഓൽമോയ്ക്ക് രണ്ടു ലക്ഷത്തിൽ പരം യൂറോയാണ് വാടക. കൂടാതെ, ലോകം ഉറ്റുനോക്കുന്ന വിവാഹ മമാങ്കങ്ങൾ ആ സ്ഥലത്തിന്റെ ഖ്യാതി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏകദേശം 600 അതിഥികളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഈ ചടങ്ങിന് എത്തിച്ചേർന്നത്. അതിഥികൾക്ക് മിലാനിലെ ആഡംബര ഹോട്ടലുകൾ താമസ സൗകര്യമൊരുക്കി. വിവാഹ വേദിയിലേക്ക് എത്തിച്ചേരാൻ അനവധി ആഡംബര നൗകകളും ഉപയോഗിച്ചിരുന്നു.

അൽപ്‌സ് പർവ്വത നിരകളുടെ താഴ്‌വാരത്തിൽ വച്ചു വിവാഹിതരാകുന്ന ദമ്പതികൾക്ക് ദീർഘമംഗല്യ സൗഭാഗ്യം ഉണ്ടെന്നാണ് തദ്ദേശീയർ പറയുന്നത്. അതുകൊണ്ടാണ്, ലോകപ്രശസ്ത വ്യക്തികളുടെ വിവാഹങ്ങൾക്ക് ഈ സ്ഥലങ്ങൾ വേദിയാകുന്നതെന്ന് ഈ പ്രദേശത്തുള്ളവര്‍ വിശ്വസിക്കുന്നു.

ഇറ്റലിയിലെ പലെർമോയിൽ താമസിക്കുന്ന മലയാളിയായ അമ്മു ആന്‍ഡ്രൂസ് എഴുതിയത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook