പ്രണയസുരഭിലമായൊരു ജീവിതത്തിലേക്ക് കൈകോർത്തുപ്പിടിച്ച് പ്രവേശിക്കാനൊരുങ്ങുന്ന ബോളിവുഡ് താരജോഡികളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും വ്യത്യസ്തമായൊരു സമ്മാനമൊരുക്കുകയാണ് സംവിധായികയായി ഫറാ ഖാൻ. സിനിമയിൽ ദീപികയുടെ ഗുരു സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ് ഫറാ ഖാൻ. ഫറാ ഖാന്റെ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ സിനിമാ അരങ്ങേറ്റം. ‘ഓം ശാന്തി ഓം’ കാലം മുതൽ ദീപികയുമായി വളരെയടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഫറാ ഖാൻ, എന്നതുകൊണ്ടു തന്നെ ഫറയുടെ വിവാഹസമ്മാനം ശ്രദ്ധേയമാവുകാണ്.

താരങ്ങൾക്ക് എന്നെന്നും ഓർത്തുവയ്ക്കാനായി, പരസ്പരം കൈകോർത്ത ദീപ് വീർ ജോഡികളുടെ കൈകളുടെ ഇംപ്രെഷൻ രേഖപ്പെടുത്തിയ വേറിട്ടൊരു മൊമന്റോയാണ് ഫറാഖാൻ താരദമ്പതികൾക്കായി സമ്മാനിക്കുന്നത്. ഫറാ ഖാനു വേണ്ടി ഈ പേഴ്സണലൈസ്ഡ് ഹാൻഡ് ഇംപ്രെഷൻ ഡിസൈൻ ചെയ്ത് നൽകിയിരിക്കുന്നത് ലൈഫ്- കാസ്റ്റിംഗ് ആർട്ടിസ്റ്റായ ഭാവ്ന ജസ്രയാണ്.

കാസ്റ്റിംഗ് ഇംപ്രെഷൻ ആർട്ടിലൂടെ സ്വർണം, വെള്ളി, വെങ്കലം പോലുളള മെറ്റലുകളിൽ കൈകളുടെയും കാലുകളുടെയും ഇംപ്രെഷൻ പതിപ്പിച്ച് അവയെ മനോഹരമായ ഓർമ്മശില്പങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.

കപിൽ ദേവ്, ഇമ്രാൻ ഖാൻ, അർജുന രണതുങ്ക, മഹേന്ദ്രസിങ്ങ് ധോണി എന്നിവർക്കൊക്കെ ഇത്തരം കാസ്റ്റിംഗ് ആർട്ടുകൾ നിർമ്മിച്ചുകൊടുത്ത ആർട്ടിസ്റ്റ് കൂടിയാണ് ഭാവ്ന ജസ്ര. മുംബൈ പ്രഭാദേവി ഇൻഡസ്ട്രയിൽ എസ്റ്റേറ്റിലാണ് ഭാവ്നയുടെ ഫസ്റ്റ് ഇംപ്രെഷൻ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

താരജോഡികൾക്കൊപ്പം നിൽക്കുന്ന ഫറാ ഖാന്റെ ചിത്രങ്ങളും ഫറാ ഖാന്റെ നിർദ്ദേശപ്രകാരം ദീപികയുടെയും രൺവീറിന്റെയും ഹാൻഡ് ഇംപ്രെഷൻ ശേഖരിക്കുന്ന ഭാവ്ന ജസ്രയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോൾഡ് ഒരുക്കാനായി നൽകിയ ദ്രാവകത്തിനകത്ത് കൈകൾ മുക്കിവെയ്ക്കുന്ന താരങ്ങളുടെ ചിത്രങ്ങളും കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook