കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ തനിക്കും രണ്‍വീറിനും ഏറ്റവും അടുപ്പമുള്ള നാല്പതോളം പേര്‍ മാത്രമാണ് ഇറ്റലിയിലെ ലേക്ക് കൊമോയില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത് എന്ന് ബോളിവുഡ് താരം ദീപികാ പദുകോണ്‍. നവംബര്‍ 14, 15 തീയതികളിലാണ് ദീപിക-രണ്‍വീര്‍ വിവാഹചടങ്ങുകള്‍ നടന്നത്. ബോളിവുഡ് കാത്തിരുന്ന ആ വിവാഹ വേദിയില്‍ പത്രക്കാര്‍ക്കും പപ്പാറാസികള്‍ക്കും എല്ലാം വിലക്കുണ്ടായിരുന്നു. വിവാഹശേഷം വധൂ വരന്മാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്തത്.

സ്വപ്നതുല്യമായ ഒരിടത്ത് വച്ച് നടന്ന സ്വപ്നസാക്ഷാത്കാരമായ ചടങ്ങിനെക്കുറിച്ച് ദീപിക ജി ക്യൂ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സു തുറന്നു.

“ആ ചിത്രങ്ങളില്‍ കാണുന്നത് പോലെ, ഏറെ സന്തോഷകരമായി തന്നെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഏറ്റവും അടുപ്പമുള്ള, കുടുംബവും കൂട്ടുകാരും മാത്രമുള്ള ആ ചടങ്ങ് വളരെ മാജിക്കല്‍ ആയിരുന്നു. വന്നവര്‍ക്ക് ഞങ്ങള്‍ സിനിമാ താരങ്ങള്‍ ആയിരുന്നില്ല. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ സ്നേഹിക്കുന്നവര്‍ മാത്രമായിരുന്നു അവിടെ വന്നത്”, നാല്പതോളം പേര്‍ മാത്രം പങ്കെടുത്ത ചടങ്ങിനെക്കുറിച്ച് ദീപികയുടെ വാക്കുകള്‍ ഇങ്ങനെ.

Read More: ദീപിക-രണ്‍വീര്‍ വിവാഹസത്കാര ചിത്രങ്ങള്‍

നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലുമാണ് താരങ്ങൾ വിവാഹിതരായത്. ദീപികയുടെ ആഗ്രഹപ്രകാരമാണ് ലേക്ക് കൊമോയിൽ വച്ച് വിവാഹിതരായതെന്നും വിവാഹത്തെ കുറിച്ച് ദീപികയ്ക്കുള്ള കാഴ്ചപ്പാടുകൾ സഫലമാക്കാനാണ് താൻ ആഗ്രഹിച്ചതെന്നും ദീപികയുടെ സന്തോഷത്തിലാണ് തന്റെ സന്തോഷമിരിക്കുന്നതെന്നും അടുത്തിടെ ഒരഭിമുഖത്തില്‍ രണ്‍വീര്‍ പറഞ്ഞു.

 

ദീപികയെ പങ്കാളിയായി ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്ന രൺവീർ, മില്ലേനിയത്തിലെ ഹസ്ബെന്റ് എന്നാണ് തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.

“ദീപികയുടെ ഭർത്താവാകാൻ ഞാൻ വളരെ മുൻപ് തന്നെ തയ്യാറായിരുന്നു. റിലേഷൻഷിപ്പിലായി ആറു മാസം കൊണ്ടു തന്നെ ഞാൻ തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലെ ആ പെൺകുട്ടി അവളാണ്. ഞാൻ ഞങ്ങളുടെ ബന്ധത്തെ പരിപാലിച്ചു. അവൾ അത്രയും സ്നേഹമുള്ളവളും നല്ലവളുമാണ്. പ്രകൃതിയുടെ ശക്തിയാണ്. വിവാഹത്തെ കുറിച്ച് കഴിഞ്ഞ മൂന്നു വർഷത്തോളമായി ഗൗരവമായി തന്നെ ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു, ദീപിക റെഡിയാവാൻ കാത്തിരിക്കുകയായിരുന്നു”, രൺവീർ വെളിപ്പെടുത്തി.

Read More: ദീപികയുടെ സമ്മതത്തിന് ഞാൻ കാത്തിരുന്നത് മൂന്നു വർഷം: രൺവീർ

വിവാഹ ശേഷം പുറത്തിറങ്ങുന്ന രണ്‍വീറിന്റെ ആദ്യ ചിത്രമായ ‘സിംബാ’യുടെ പ്രോമോഷന്‍ തിരക്കുകകളിലാണ് താരം ഇപ്പോള്‍.  ദീപികയാകട്ടെ, താന്‍ ആദ്യമായി നിര്‍മ്മാത്താവിന്റെ കുപ്പായം അണിയുന്ന മേഘ്ന ഗുല്‍സാര്‍ ചിത്രത്തിന്റെ തിരക്കുകളിലും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook