ബോളിവുഡിലെ ഏറ്റവും വിലപ്പിടിച്ച നായികയാണ് ദീപിക പദുക്കോൺ. ചെയ്യുന്ന വേഷങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേത്രിയും ദീപിക തന്നെ. കുറഞ്ഞ പ്രതിഫലം ഓഫർ ചെയ്യപ്പെട്ടതിനാൽ ഒരു സിനിമ അടുത്തിടെ നിരസിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്റെ മൂല്യം എനിക്കറിയാമെന്നും ദീപിക പറയുന്നു. മുംബൈയിൽ ‘ദ ഡോട്ട് ദാറ്റ് വെന്റ് ഫോർ എ വാക്ക്’എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു ദീപിക.

സിനിമാ ഇൻഡസ്ട്രിയിൽ തുല്യജോലിക്ക് തുല്യവേതനമെന്ന് വിശ്വസിക്കുന്ന താരമാണ് ദീപിക. ‘ദ ഡോട്ട് ദാറ്റ് വെന്റ് ഫോർ എ വാക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. യഥാർത്ഥജീവിതത്തിൽ ഹീറോ പരിവേഷമുള്ള 51 വനിതാരത്നങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ ഒരു അധ്യായം ദീപിക പദുക്കോണിനെ കുറിച്ചാണ്.

“ഇന്ന് സിനിമയിൽ അവസരങ്ങൾക്ക് കുറവില്ല. സിനിമകളുടെ സ്വഭാവവും സിനിമകളിലെ സ്ത്രീകളുടെ സ്ഥാനവും ഒരുപാട് മാറിയിട്ടുണ്ട്, തീർച്ചയായും പ്രതിഫലവും. ഞാനെന്നെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. സിനിമകളിൽ നായകനു നൽകുന്ന അതേ പ്രതിഫലം തന്നെ എനിക്കും ലഭിച്ചതിലൂടെ വേതന കാര്യത്തിലെ വിടവ് നികത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.”

Deepika Padukone, Padmavati

അടുത്തിടെ പ്രതിഫലത്തുകയെ ചൊല്ലി ഒരു ചിത്രം നിരസിക്കേണ്ടി വന്ന സംഭവവും താരം ഓർത്തെടുത്തു. നായകനു ലഭിക്കുന്നതിലും കുറഞ്ഞ പ്രതിഫലം ഓഫർ ചെയ്യതുകൊണ്ടാണ് ആ സിനിമ നിഷേധിക്കേണ്ടി വന്നതെന്നും ദീപിക കൂട്ടിച്ചേർത്തു. “അടുത്തിടെ ഒരു സംഭവമുണ്ടായി. ആശയപരമായി എനിക്കിഷ്ടം തോന്നിയ ഒരു സിനിമയായിരുന്നു സംവിധായകൻ എനിക്ക് ഓഫർ ചെയ്തത്. എന്നാൽ, പ്രതിഫലത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ ഇതാണ് എന്റെ ചാർജ് എന്നു ഞാൻ പറഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അവർ മറുപടി തന്നു, നായകനു തരുന്നത്രയും പ്രതിഫലം എനിക്ക് തരാൻ കഴിയില്ലയെന്ന്. എന്റെ ‘ട്രാക്ക് റെക്കോർഡ്’ എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ഞാനവർക്ക് ടാറ്റ കൊടുത്തു യാത്രപറഞ്ഞു. എന്റെ മൂല്യം എനിക്കറിയാം. തുല്യ ജോലിക്ക് തുല്യവേതനം നൽകാതിരിക്കുന്നതിൽ അനീതി തോന്നി ഞാൻ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു,” ദീപിക പറയുന്നു.

Read more: രണ്‍വീറിന്റെ ആ വാക്കുകള്‍ ദീപികയുടെ കണ്ണുനിറച്ചു

നായകൻ ഒരു സിനിമയ്ക്കു വേണ്ടി നൽകുന്ന അത്രയും തന്നെ അധ്വാനം ഒരു നായികയും സിനിമയ്ക്കു വേണ്ടി നൽകുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് വേതനം തുല്യമാവാത്തത്? എന്നാണ് ദീപിക ചോദിക്കുന്നത്. സ്വന്തമായൊരു വാല്യു തനിക്കായി നൽകാനും താരം മടിക്കുന്നില്ല.

“ഇപ്പോൾ ഞാനെനിക്കു വേണ്ടി തീരുമാനങ്ങൾ എടുക്കുന്നുണ്ട്. കാരണം രാത്രിയിൽ എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കണം. നിരാശ തോന്നിക്കുന്ന ചിന്തകളോടെ എനിക്ക് ജീവിക്കാൻ സാധിക്കില്ല. ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ തുല്യമാണെന്നിരിക്കെ ഒരേ ജോലിക്ക് എന്റെ മെയിൽ കോ സ്റ്റാർ വാങ്ങുന്നതിലും കുറഞ്ഞ വേതനം വാങ്ങുന്നതിൽ ഞാൻ ഓകെ അല്ല,” ദീപിക പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook